ടെക്നോക്രാറ്റ് പുരസ്കാരം ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു - Bahrain Keraleeya Samajam

Saturday, March 16, 2013

demo-image

ടെക്നോക്രാറ്റ് പുരസ്കാരം ഡോ. ഇ. ശ്രീധരന് സമ്മാനിച്ചു

ആത്മാര്‍ഥതയും സത്യസന്ധതയും കൃത്യനിഷ്ഠയും മത്സര ബുദ്ധിയും സാമൂഹിക പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളും തരണം ചെയ്ത് വിജയം വരിക്കാനാകുമെന്ന് പത്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട് എഞ്ചിനിയറിങ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ പ്രഥമ ടെക്നോക്രാറ്റ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കൊങ്കണ്‍ പദ്ധതിയും ദല്‍ഹി മെട്രോ പദ്ധതിയും തനിക്ക് വിജയിപ്പിക്കാനായത് ഈ ആത്മ വിശ്വാസത്തിന്‍െറ ബലമുള്ളതുകൊണ്ടാണ്. രാജ്യത്തിന് താന്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് ബഹ്റൈനിലെ മലയാളികള്‍ നല്‍കിയ ആദരത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ പുരസ്കാരം സമ്മാനിച്ചു. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പത്മശ്രീ ജി. ശങ്കര്‍ ആശംസയര്‍പ്പിച്ചു. ഡോ. ഇ. ശ്രീധരന്‍ രാജ്യത്തിന് ചെയ്യുന്ന സംഭാവനകള്‍ അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍, ഇ.കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി ആഷ്ലി ജോര്‍ജ് സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 10ന് സമാജത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ ജി. ശങ്കള്‍ പ്രഭാഷണം നടത്തും. സദസ്യര്‍ക്ക് വിശിഷ്ടാതിഥികളുമായി സംവദിക്കാനും അവസരമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Pages