രാജീവ് വെള്ളിക്കോത്ത്
4pmnews@gmail.com
മനാമ: കരുനാഗപ്പളി ടൗണിനടുത്തുകൂടി യാത്ര ചെയ്യുന്പോൾ ചിലപ്പോൾ വഴിയിലെവിടെയെങ്കിലും വെച്ച് ബഹ്റിൻ കേരളീയ സമാജം എന്നെഴുതിയ ഒരു ഓട്ടോറിക്ഷ കണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല; ആ ഓട്ടോ മറ്റാരുടേതുമല്ല, ബഹ്റിനിലെത്തി ജോലിചെയ്യുന്നതിനിടെ പ്രമേഹരോഗം വന്നു മൂർച്ഛിച്ചു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്ന ഷിനുവിനു ബഹ്റിൻ കേരളീയസമാജം നൽകിയതാണ് ആ ഓട്ടോ. തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ഓട്ടോറിക്ഷ വാങ്ങിത്ത ന്ന ബഹ്റിൻ കേരളീയ സമാജത്തിനോടുള്ള ആദരവായി തന്റെ നാടായ കരുനാഗപ്പള്ളി കൊല്ലകയിൽ ഓടിയ്ക്കുന്ന ഒട്ടോയ്ക്ക് ഷിനു ബഹ്റിൻ കേരളീയസമാജം എന്ന് പേരിടുകയായിരുന്നു.
ഷിനുവിനെ ഓർമ്മയില്ലേ? കഴിഞ്ഞ വർഷം നവംബർ മാസം 12-−ാംതീയ്യതി ബഹ്റിനിൽ പോകാനിടമില്ലാതെ, താമസിക്കാൻ സൗകര്യമില്ലാതെ കാലിൽ പൊട്ടിയൊലിക്കുന്ന വ്രണവുമായി ഗുദൈബിയ ലാസ്റ്റ് ചാൻസിന് സമീപം റോഡരികിൽ അവശനായി ഇരിക്കുകയായിരുന്ന മലയാളി ഷിനുജോയ്. ഷിനുവിന്റെ അവസ്ഥ കണ്ടറിഞ്ഞ ഏതാനും ഡ്രൈവർമാരാണ് സാമൂഹ്യപ്രവർത്തകനായ സെയ്ദാലിയെ വിളിച്ചു പറയുന്നതും സെയ്താലി ഷിനുവിനെ ആശുപത്രിയിെലത്തിക്കുന്നതും. പിന്നീട് സാമൂഹ്യപ്രവർത്തകനായ രാജു കല്ലുംപുറവും ബഹ്റിൻ കേരളീയ സമാജം ഹെൽപ് ഡസ്ക് പ്രവർത്തകരും ആശുപത്രിയിലെത്തി ഷിനുവിനു ഭക്ഷണവും താൽക്കാലിക താമസ സൗകര്യവും എർപ്പാടാക്കുകയും ചികിത്സ തുടരുകയും ചെയ്തു.
ബഹ്റിനിൽ ജോലിനഷ്ടപ്പെടുകയും പ്രമേഹരോഗം ബാധിച്ച് പാദം മുറിച്ചു മാറ്റപ്പെടുകയുംചെയ്ത ഷിനുജോയി നിരവധി സാമൂഹ്യ പ്രവർത്തകരുടെസഹായത്താൽ പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കും കുടുംബ പരിരക്ഷയ്ക്കും കട ബാദ്ധ്യതകൾ തീർക്കുന്നതിനും വഴി മുട്ടിയ ഷിനുജോയിക്ക് സഹായമെന്ന നിലയിലാണ് ബഹ്റിൻ കേരളീയസമാജം ജീവകാരുണ്യ പ്രവർത്തന ധനസമാഹരണത്തിലൂടെ സ്വരൂപിച്ച തുകയിൽനിന്നു ഓട്ടോറിക്ഷ നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബഹ്റിൻ കേരളീയസമാജം പ്രസിഡന്റ് രാധാകൃഷ്ണപ്പിള്ളയുടെയും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് രാജു കല്ലുംപുറത്തിന്റെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എൻജിനിയേർസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബിജോൺ ഓട്ടോറിക്ഷയുടെ ഉടമസ്ഥാവകാശ രേഖകളും താക്കോലും ഷിനുജോയിക്ക് കൈമാറിയിരുന്നു. ചടങ്ങിൽ സ്പീക്കർ ജി.കാർത്തികേയനും പങ്കെടുത്തിരുന്നു.
പ്രതികൂലജീവിത സാഹചര്യങ്ങളോട് പൊരുതി സ്വന്തംകുടുംബം പുലർത്താൻ പെടാപ്പാടുപെടുന്ന ബഹ്റിനിലെ ഓരോ മലയാളിയും തന്റെ വിയർപ്പിന്റെ ഒരുപങ്കു സഹജീവികളുടെ സഹായത്തിനായി മാറ്റി വെയ്കുന്നു എന്നത് പ്രശംസനീയമാണെന്നും. നിയമസഭ സ്പീക്കർ ജി.കാർ്ത്തികേയൻ അഭിപ്രായപ്പെടുകയുണ്ടായി. കാൽപ്പാദം മുറിച്ച ഷിനു പ്രത്യേക തരത്തിലുള്ള ഷൂ ഘടിപ്പിച്ചാണ് തന്റെ ‘സമാജം ഓട്ടോ’ ഓടിയ്ക്കുന്നതെന്ന് ഷിനു ഫോർ പിഎമ്മിനോട് പറഞ്ഞു. തന്റേതു ഒരു പുനർജ്ജന്മമാണെന്നും തന്റെ വീഴ്ചയിൽ കൈപിടിച്ചുയർത്തിയ സാമൂഹ്യ പ്രവർത്തകൻ വി.കെ.സെയ്താലി, രാജു കല്ലുംപുറം, ജനാർദ്ദനൻ, കൂടാതെ ഒട്ടേറെ മലയാളികളോടും ബഹ്റിൻ കേരളീയസമാജത്തോടുമുള്ള തന്റെ കൃതജ്ഞത അറിയിക്കുന്നതായും ഷിനു പറഞ്ഞു.
No comments:
Post a Comment