ഗൃഹാതുരത്വമുണര്‍ത്തി ഓണം ഘോഷയാത്ര - Bahrain Keraleeya Samajam

Breaking

Saturday, August 25, 2012

ഗൃഹാതുരത്വമുണര്‍ത്തി ഓണം ഘോഷയാത്ര

ഓണാഘോഷത്തിന്‍െറ നിറവില്‍ കേരളീയ സമാജത്തില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്ര ഗൃഹാതുരത്വമുണര്‍ത്തി. കേരളത്തനിമയുടെ നേര്‍ക്കാഴ്ചകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ചലിച്ചു തുടങ്ങിയപ്പോള്‍ തെങ്ങുകളും നെല്‍വയലുകളുമില്ലെങ്കിലും കായലും ചെമ്മണ്‍ പാതകളുമില്ലെങ്കിലും കേരളത്തിന്‍െറ തെരുവിലൂടെ നടന്നു നീങ്ങുന്ന പോലെ ജനം മനം നിറയെ ആസ്വദിച്ചു. വാദ്യ മേളങ്ങളും മുത്തുക്കുടയും ആനയും കാളയും കരകാട്ടവും പോരാഞ്ഞ് ‘സദ്യ’യുമൊരുക്കിയിരുന്നു ഘോഷയാത്രയില്‍. കണ്‍നിറയെ കണ്ടതിനും മനം നിറയെ ആസ്വദിച്ചതിനും പുറമെ ‘സദ്യ’ കൂടി കണ്ടതോടെ കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വയറു നിറഞ്ഞ പ്രതീതിയായി... നാല് മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്ന ഘോഷയാത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സമാജം പ്രസിഡന്‍റ് ഫ്ളാഗ് ഓഫ് ചെയ്തപ്പോള്‍ സന്ധ്യയായിരുന്നു. സമാജം ലേഡീസ് വിങായിരുന്നു മുന്‍നിരയില്‍. കേരളീയ വേഷമണിഞ്ഞ് മുത്തുക്കുടയും താലവും ഉണ്ണിയാര്‍ച്ചയും ലക്ഷ്മിയും തിരുവാതിരയും ഒപ്പനയുമെല്ലാം അണിനിരത്തി തരുണികള്‍ തങ്ങളുടെ ഊഴം കേമമാക്കി. തൊട്ടുപിന്നില്‍ സമാജം പാഠശാലയിലെ 200ഓളം കുട്ടികള്‍ വേഷപ്പകര്‍ച്ചയില്‍ നിറഞ്ഞാടി. വിവിധ ഗ്രൂപ്പുകളിലായി വേഷ വൈവിധ്യം കൊണ്ട് പാഠശാലയിലെ കുരുന്നുകള്‍ ശ്രദ്ധേയമായി. ചിത്രകലാ ക്ളബ്ബിന്‍െറ ഓണ സദ്യയായിരുന്നു പിന്നീട്. സദ്യ കഴിഞ്ഞതോടെ മാവേലിക്കര കാളയും കുത്തിയോട്ടവും വരവായി. തിരുവല്ലക്കാരുടെ പടയണിയും ആചാര വേഷങ്ങളും കടന്നുവന്നതോടെ സമാജം കലാ വിഭാഗം ഗ്രൂപ്പുകളുടെ ആനയും കരയാട്ടവും പുലിക്കളിയും അമ്മന്‍കുടവും ചെണ്ടമേളവും അണിനിരന്നു. തുടര്‍ന്ന് ഫിലിം ക്ളബ്ബിന്‍െറ ഷൂട്ടിങ് ലൊക്കേഷനും ഇന്‍ഡോര്‍ ഗെയിംസിന്‍െറ മതസൗഹാര്‍ദത്തിന്‍െറയും കഥകളിയുടെയുമെല്ലാം കാഴ്ചകള്‍ ഒരുക്കി. ഔര്‍ ക്ളിക്സ് ഗ്രൂപ്പ്സ് ഒരുക്കിയത് ’80കളിലെ കേരളത്തെയാണ്. പൊലീസും കര്‍ഷകനും മത്സ്യത്തൊഴിലാളിയും ഐസ് മിഠായി വില്‍പനക്കാരനുമെല്ലാം അണിനിരന്നപ്പോള്‍ അനുവാചകര്‍ക്ക് കേരളത്തില്‍ എത്തിയ പ്രതീതിയായി. വടകര സൗഹൃദ വേദിയുടെ ഇളനീര്‍ വരവ് മറ്റൊരു ആകര്‍ഷകമായി. തെയ്യവും ഉണ്ണിയാര്‍ച്ചയും പഴശ്ശിരാജയും വേലുത്തമ്പി ദളവയും പഴശ്ശി രാജയും കുഞ്ഞാലിമരക്കാരും തച്ചോളിയും കോമരവുമെല്ലാം കടത്തനാടന്‍ ചരിത്രത്തിന്‍െറ നേര്‍രേഖയായി. ഗ്രൂപ്പ് വിഭാഗം മത്സരത്തില്‍ ബി.കെ.എസ് ബാഡ്മിന്‍റണ്‍ വിങ് ഒന്നാം സ്ഥാനവും വടകര സൗഹൃദ വേദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫ്ളോട്ടുകളില്‍ മയൂരി ഹോള്‍ഡിങ് കമ്പനി തൊഴിലാളികള്‍ ഒന്നാം സ്ഥാനവും ബി.കെ.എസ് ചിത്രകലാ ക്ളബ്ബ് രണ്ടാം സ്ഥാനവും നേടി. പത്തനംതിട്ടക്കാരുടെ പടയണിഗ്രൂപ്പിനും വടകര സൗഹൃദ വേദിയുടെ തെയ്യത്തിനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു. ബാഡ്മിന്‍റണ്‍ വിങ്ങിന്‍െറ മാവേലിയും വടകര സൗഹൃദവേദിയുടെ ഉണ്ണിയാര്‍ച്ചയും ഔര്‍ ക്ളിക്സിന്‍െറ പൊലീസും മലയാളം പാഠശാലയുടെ വാമനനും വേഷങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഘോഷയാത്രയെ തുടര്‍ന്ന് വിവേകാനന്ദന്‍െറ ഗാനമേളയുമുണ്ടായിരുന്നു.

No comments:

Pages