സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും - Bahrain Keraleeya Samajam

Breaking

Wednesday, August 15, 2012

സമാജം ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങളായി; 21ന് പെരുന്നാളാഘോഷവും

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 11 ദിനങ്ങള്‍ നീളുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ബുധനാഴ്ച കൊടിയേറ്റം. ഇന്ന് വൈകീട്ട് 7.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് ഓണാഘോഷത്തിന്‍െറയും കൊടിയേറ്റം. ഈമാസം 20ന് നടക്കുന്ന കൊല്ലം ഫെസ്റ്റോടെയാണ് ഈ വര്‍ഷത്തെ പൂവിളി 2012ന് തുടക്കമാവുക. തുടര്‍ന്നുള്ള 10 ദിനങ്ങള്‍ കലയുടെ മേളപ്പെരുക്കം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിനം രാവിലെ 10 മുതല്‍ ലുലു അത്തപ്പൂക്കള മത്സരമാണ്. വൈകീട്ട് 7.30ന് പൂവിളി 2012ന്‍െറ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് പ്രീതി വാര്യറും തുഷാര്‍ മുരളീകൃഷ്ണയും ഒരുക്കുന്ന ഗാനമേളയുണ്ടാകും. 21ന് വൈകീട്ട് എട്ടിന് ‘ഈദ്’ ആഘോഷമാണ്. പട്ടുറുമാല്‍ ടീമായ ഹനീഫ് നമ്പറാണി, അജയന്‍, നസീബ കാസര്‍കോട് എന്നിവര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ടാണ് ഈദ് ആഘോഷത്തിന്‍െറ ആകര്‍ഷകം. 22ന് 7.30ന് ആവണിപ്പൊന്നൂഞ്ഞാല്‍ പരിപാടിയില്‍ സംഗീത നൃത്താവിഷ്കാരം നടക്കും. അന്നുതന്നെ എട്ടിന് മാജിക് പ്രതിഭ അമ്മുവിന്‍െറ മാജിക് ഷോയും അരങ്ങേറും. 23ന് വൈകീട്ട് എട്ടിന് നടക്കുന്ന പാലക്കാട് ഫെസ്റ്റില്‍ ബാലഭാസ്കറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നടക്കും. 24ന് വൈകീട്ട് നാലിന് വര്‍ണാഭമായ ഘോഷയാത്ര അരങ്ങേറും. കേരളത്തിന്‍െറ തനത് സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രയില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാം. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍െറ ഗാനമേളയുണ്ടാകും. 25ന് വൈകീട്ട് ആറിനാണ് പായസമേള. നാദബ്രഹ്മം അവതരിപ്പിക്കുന്ന ഗ്രാമീണ ഗാനങ്ങളും ഓണ, നാടോടി നൃത്തങ്ങളും പായസമേളക്ക് മാറ്റ് കൂട്ടും. 26ന് വൈകീട്ട് 7.30ന് തിരുവാതിര മത്സരവും നൃത്താവിഷ്കാരവും നാടന്‍ പാട്ടുകളുമുണ്ടാകും. 27ന് വൈകീട്ട് 7.30ന് നാടക ഗാനങ്ങള്‍ക്കൊപ്പം ബി.കെ.എസ് സ്കൂള്‍ ഓഫ് ഡ്രാമയുടെ ‘ആണുങ്ങളില്ലാത്ത വീട്’ നാടകവും അരങ്ങേറും. ഉത്രാട ദിവസമായ 28ന് പരിപാടികളില്ല. 29ന് വൈകീട്ട് ഏഴ് മുതല്‍ നാടന്‍ മേളയാണ്. ഗ്രാമീണ കളികള്‍, ഫാമിലി ഗെയിമുകള്‍, നൃത്തനൃത്യങ്ങള്‍, ഓണപ്പാട്ടുകള്‍, സംഘക്കളികള്‍, കബഡി, വടംവലി മത്സരങ്ങള്‍, നാടന്‍ പാട്ടുകള്‍, തംബോല, ‘എന്‍െറ കേരളം’ എന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയാണ് ഈ ദിനത്തിന്‍െറ ആകര്‍ഷകങ്ങള്‍. 30ന് വൈകീട്ട് ഏഴിന് മാവേലിക്കര ഫെസ്റ്റില്‍ ഫാഷന്‍ഷോ നടക്കും. തുടര്‍ന്ന് റിമിടോമിയും പ്രദീപ് ബാബുവും ജിന്‍സ് ഗോപിനാഥും ചേര്‍ന്നൊരുക്കുന്ന ഗാനവിരുന്നാണ്. 31ന് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥിയും അംബാസഡര്‍ മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയുമായിരിക്കും. എം.ജി. ശ്രീകുമാറും സിസിലി എബ്രഹാമും ശ്രീനാഥും ഒരുക്കുന്ന ഗാനമേളയും വേണു നരിയാപുരത്തിന്‍െറ മിമിക്സും അര്‍ച്ചന സുശീലനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പ്രോഗ്രാമും സമാപന ദിനത്തെ ധന്യമാക്കും. സെപ്തംബര്‍ ഏഴിനാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യ ഒരുക്കിയിരിക്കുന്നത്. പൂക്കള മത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരെ കാത്ത് 150 ഡോളറും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 100, 50 ഡോളറുകളുമാണ് സമ്മാനം. തിരുവാതിര മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 150 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 100 ഡോളറും സമ്മാനമുണ്ട്. പായസമേളയിലെ ജേതാക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും. 29 വരെയുള്ള പരിപാടികള്‍ വീക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗകര്യമുണ്ട്. അവസാന രണ്ട് ദിനങ്ങളിലെ (30, 31) പരിപാടി പാസ് മൂലം നിയന്ത്രിക്കും. അംഗങ്ങളും പുറത്തുള്ളവരും സമാജം ഓഫീസുമായി ബന്ധപ്പെട്ട് പാസ് കരസ്ഥമാക്കണം. ഓണ സദ്യയുടെ കൂപ്പണ്‍ ഈമാസം 20 മുതല്‍ വിതരണം ചെയ്യും. പരിപാടിയുടെ ആദ്യ ആറു ദിനങ്ങളുടെ പ്രായോജകര്‍ ബി.എഫ്.സിയും തുടര്‍ന്നുള്ള അഞ്ച് ദിനങ്ങളുടെത് യു.എ.ഇ എക്സ്ചേഞ്ചുമാണ്. ഡി. സലീം ജനറല്‍ കണ്‍വീനറും ബിജി ശിവകുമാര്‍, ബിനോജ് മാത്യൂ, ഹരീഷ് മേനോന്‍, സുനില്‍ എസ്. പിള്ള എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 39848091, 39125889 നമ്പറുകളില്‍ ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ മനോഹരന്‍ പാവറട്ടി, മുരളീധരന്‍ തമ്പാന്‍, ജയന്‍ എസ്. നായര്‍, സതീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

No comments:

Pages