മലയാളം പാഠശാലക്ക് വിപുലമായ ഒരുക്കങ്ങള്‍ - Bahrain Keraleeya Samajam

Breaking

Monday, April 9, 2012

മലയാളം പാഠശാലക്ക് വിപുലമായ ഒരുക്കങ്ങള്‍

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ മലയാളം പാഠശാലയുടെ ഈ അധ്യയന വര്‍ഷത്തെ ക്ളാസുകളിലെക്കുള്ള പ്രവേശനം പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സമാജം കഴിഞ്ഞ 25 വര്‍ഷമായി നടത്തി വരുന്ന മലയാള പാഠശാലയില്‍ സമാജം അംഗഭേദമന്യേ മുഴുവന്‍ ബഹ്റൈന്‍ മലയാളി കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഈമാസം 11ാണ് പ്രവേശനത്തിനുള്ള അവസാന തീയതി.
മലയാള പാഠശാലയുടെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി അധ്യാപകര്‍ക്കും , പാഠശാല സംഘാടകര്‍ക്കുമുള്ള പരിശീലന ശില്‍പ്പശാല കഴിഞ്ഞ ദിവസം സമാജത്തില്‍ നടന്നു. മലയാള ഭാഷയുടെ അറിവിനും പുരോഗതിക്കും വേണ്ടി ഭാഷ പഠനത്തിന്‍െറ മൗലിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും മലയാളത്തിന്‍െറ പരിപോഷണത്തിനും വേണ്ടി പുതിയ തലമുറക്ക് മാതൃഭാഷയുടെ സാംസ്കാരിക പൈതൃകം പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യമാണ് മലയാള പാഠശാല മുന്നോട്ടു വെക്കുന്നതെന്ന് സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച ശില്പശാല വൈകുന്നേരം നാലിന് സമാപിച്ചു. 50 ഓളം പേരാണ് ഏകദിന ശില്‍പ്പശാലയില്‍ പങ്കടുത്തത് .
മലയാള പാഠശാലയുടെ സിലബസ്, പാഠ പുസ്തകം, വ്യക്തിത്വ വികസനം, അധ്യാപനരീതി, ക്ളാസ് അനുഭവവും ഭാവി പ്രവര്‍ത്തന രേഖയും, തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ശില്‍പ്പശാലയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഫിറോസ് തിരുവത്ര ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. പഠന രീതി, കുട്ടികളുടെ മന:ശാസ്ത്രം, അധ്യാപന രീതി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അഡ്വ. ജലീല്‍, പി.ടി. തോമസ് എന്നിവര്‍ ക്ളാസെടുത്തു. പുതിയ ക്ളാസ് നടപടി ക്രമങ്ങളെക്കുറിച്ച് ഡി. സലിം സംസാരിച്ചു. പാഠപുസ്തകം, വര്‍ക്ക് ബുക്ക് , ക്ളാസുകളുടെ രൂപം തുടങ്ങിയവയെ സംബന്ധിച്ച് പാഠശാല പ്രധാന അധ്യാപകനായ സുധി പുത്തന്‍വേലിക്കര ക്ളാസെടുത്തു തുടര്‍ന്ന് അധ്യാപകരുടെ ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ജീവന്‍ഷാ സ്വാഗതം പറഞ്ഞു. പുതിയ അധ്യയന വര്‍ഷ പ്രവേശന ഫോമുകള്‍ സമാജം ഓഫിസിലും വെബ് സൈറ്റിലും ലഭ്യമാണ്. മുന്‍വര്‍ഷം പഠിച്ച കുട്ടികളും പുതുതായി ചേരുന്ന കുട്ടികളും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനു വേണ്ടി എട്ടു മണി മുതല്‍ 10 വരെ സമാജത്തില്‍ പാഠശാല ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ തിങ്കളാഴ്ചയും വൈകീട്ട് എട്ടു മണി മുതല്‍ 9.30 വരെയാണ് ക്ളാസുകള്‍ നടക്കുക. ഈ വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും പഠനത്തിനുവേണ്ടി തയ്യാറാക്കിയ വര്‍ക്കുബുക്ക് നല്‍കുമെന്ന് സമാജം ഭരണ സമിതി അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, പാഠശാല പ്രവര്‍ത്തകരായ ജീവന്‍ഷാ, ദേവദാസ്, ടി.ജെ. ഗിരിഷ്,നന്ദകുമാര്‍, വി.വി. മനോജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യുവുമായി (36665376 ) ബന്ധപ്പെടണം.

No comments:

Pages