കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകമേള ഏഴുമുതല്‍ - Bahrain Keraleeya Samajam

Sunday, January 3, 2016

demo-image

കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകമേള ഏഴുമുതല്‍

ഡി.സി ബുക്സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള ജനുവരി ഏഴുമുതല്‍ 16 വരെ നടക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ- സാംസ്കാരിക പരിപാടികള്‍ മേളയോടനുബന്ധിച്ച് സമാജം ഓഡിറ്റോറിയത്തില്‍ അരങ്ങേറും. നാട്ടില്‍ നിന്ന് നിരവധി സാംസ്കാരിക നായകരും എഴുത്തുകാരും മേളക്കത്തെും. പുസ്തക പ്രകാശനങ്ങളും മേളയില്‍ നടക്കുമെന്ന് സമാജം ആക്ടിങ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.കെ. പവിത്രന്‍ എന്നിവര്‍ പറഞ്ഞു. ജനുവരി ഏഴിന് പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളില്‍ നടനും എഴുത്തുകാരനുമായ മധുപാല്‍, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ സഹായിയായിരുന്ന ശ്രീജന്‍പാല്‍ സിങ് എന്നിവര്‍ അതിഥികളായത്തെും. നടി ജയ മേനോന്‍െറ ‘ഭ്രമകല്‍പനകള്‍’, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിന്‍െറ ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേളയില്‍ നടക്കും. ഇതിന് പുറമെ ഷാജി മഠത്തിലിന്‍െറ പുസ്തകത്തെക്കുറിച്ച് ചര്‍ച്ചയുമുണ്ടാകും. ഇന്ത്യയിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സാണ് പുസ്തകോത്സവത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നുലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളക്കായി ഇതിനകം എത്തിച്ചിട്ടുണ്ട്. ഡി.സിയുടെ പുസ്തകങ്ങള്‍ക്ക് പുറമെ കറന്‍റ് ബുക്സ്, മാതൃഭൂമി, മനോരമ, സങ്കീര്‍ത്തനം, ഒലിവ്, പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ്, ഹാഷറ്റ്, സ്കോളസ്റ്റിക്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് എന്നിവരുടെ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. നിരവധി അന്താരാഷ്ട്ര പുസ്തകോത്സവങ്ങളില്‍ പങ്കെടുത്ത് കഴിവുതെളിയിച്ചവരാണ് മേളക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡി.സി ബുക്സ് സി.ഇ.ഒ ഡി.സി രവിയും മേളക്കത്തെുന്നുണ്ട്. ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടാകും. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി പി.എം.വിപിന്‍ കുമാര്‍, പുസ്തകോത്സവം സംഘാടക സമിതി കണ്‍വീനര്‍ സജിമാര്‍ക്കോസ്, വിനോദ വിഭാഗം സെക്രട്ടറി ജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39964087, 39684766.

Pages