‘വിസാമല്‍ ബഹ്റൈന്‍’ അവാര്‍ഡ് നേടിയ എം.എ. യൂസുഫലിക്ക് സ്വീകരണമൊരുക്കുന്നു - Bahrain Keraleeya Samajam

Breaking

Wednesday, February 4, 2015

‘വിസാമല്‍ ബഹ്റൈന്‍’ അവാര്‍ഡ് നേടിയ എം.എ. യൂസുഫലിക്ക് സ്വീകരണമൊരുക്കുന്നു

ബഹ്റൈന്‍ 43ാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയില്‍ നിന്നും ‘വിസാമല്‍ ബഹ്റൈന്‍’ പുരസ്കാരം ലഭിച്ച പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ സ്വീകരണമൊരുക്കുന്നു. ഈ മാസം 6ന് വൈകീട്ട് സമാജം മുന്‍കയ്യെടുത്ത് നടത്തുന്ന പരിപാടിയില്‍ 30ാളം സംഘടനകള്‍ പങ്കുചേരുംമെന്ന് പ്രസിഡന്‍റ് ജി.കെ. നായര്‍, ജനറല്‍ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ സമാജത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഒരു ഏഷ്യക്കാരന്‍ ആദ്യമായാണ് ഈ അവാര്‍ഡ് ബഹ്റൈന്‍ രാജാവില്‍ നിന്നും ഏറ്റുവാങ്ങുന്നതെന്നത് മലയാളികള്‍ക്ക് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് സമാജം ഭരണസമിതി വ്യക്തമാക്കി.സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം വരുന്ന കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഗാനമേള ചടങ്ങിന് മാറ്റ് കൂട്ടും. ബഹ്റൈനിലെ എല്ലാ മലയാളികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. അജേഷ്, സതീന്ദ്രന്‍, സോമനാഥ പിള്ള, ഷാജഹാന്‍, പ്രകാശ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നിലവിലുള്ള കമ്മിറ്റി നേതൃത്വം നല്‍കുന്ന അവസാനത്തെ പ്രധാന പരിപാടിയാകും ഇത്.കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് പല പ്രധാന പ്രവര്‍ത്തനങ്ങളും നടത്താനായെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമാജം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ചികിത്സതേടുന്നവരെയും മറ്റും നിര്‍ലോഭമായി സഹായിച്ചിട്ടുണ്ടെന്നും അത്തരം ആവശ്യക്കാരുടെ മുന്നില്‍ സമാജത്തിന്‍െറ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Pages