സമാജം ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ പൂരക്കളിയും - Bahrain Keraleeya Samajam

Breaking

Wednesday, September 4, 2013

സമാജം ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ പൂരക്കളിയും

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം ‘പൂവിളി 2013’ന് കൂടുതല്‍ ചാരുതയേകാന്‍ പൂരക്കളിയും. കേരളത്തിന്‍െറ തനത് കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 30ഓളം കലാകാരന്മാര്‍ പൂരക്കളിക്ക് തയ്യാറെടുക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും നടത്തപ്പെടുന്ന അനുഷ്ടാന കലാരൂപമാണ് പൂരക്കളി. പൂരോത്സവങ്ങളോടനുബന്ധിച്ച് പരുഷന്മാര്‍ നടത്തുന്ന ഈ കളിയില്‍ പങ്കെടുക്കുന്നതിന് പ്രായഭേദമില്ല. കളിക്കാരുടെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കലാരൂപത്തിന്‍െറ ഇതിവൃത്തം പുരാണങ്ങള്‍ തന്നെയാണ്. ഇമ്പമാര്‍ന്ന ഈരടികള്‍ മുഴക്കിക്കൊണ്ടാണ് കലാകാരന്മാര്‍ ഇതവതരിപ്പിക്കുന്നത്. ആചാരമായി ചുവന്ന പട്ട് തറ്റുടുത്ത് കത്തിച്ചു വെച്ച നിലവിളക്കിന് ചുറ്റും നിരന്നു നിന്നാണ് പൂരക്കളി അവതരിപ്പിക്കുന്നത്. അവതരണത്തില്‍ കളരിപ്പയറ്റിന്‍െറ സ്വാധീനം വ്യക്തമായും കാണാം. മെയ് വഴക്കവും കലയും സമന്വയിക്കുന്ന ഈ കലാരൂപം ക്ഷേത്രങ്ങളുടെയും കാവുകളുടെയും മതില്‍ക്കെട്ട് കടന്ന് കടലിനിക്കരെ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്ക് ഓണക്കാഴ്ചയുമായി എത്തുന്ന ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നതും ഏകോപനം നിര്‍വഹിക്കുന്നതും സമാജം കലാവിഭാഗം ജോയിന്‍റ് കണ്‍വീനര്‍ പ്രദീപ് അഴീക്കോടാണ്. 150ലധികം വനിതകളുടെ സാന്നിധ്യം കൊണ്ട് ഇതിനികം ശ്രദ്ധേയമായ ആതിരക്കൂട്ടം മെഗാ തിരുവാതിരയുടെ പരിശീലനം ബുധനാഴ്ച സമാപിക്കും. സമാജം ഓണാഘോഷങ്ങളില്‍ ഇദംപ്രഥമമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ജയശ്രീ സോമനാഥിന്‍െറ ശിക്ഷണത്തിലും മേല്‍നോട്ടത്തിലുമാണ് ഇത്രയും വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം ഘോഷയാത്രക്ക് മുമ്പ് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറുന്ന പരിപാടി കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത് അറിയിച്ചു.

No comments:

Pages