ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത്താണിയായി ബി.കെ.എസ് ഹെല്‍പ് ലൈന്‍ - Bahrain Keraleeya Samajam

Friday, January 25, 2013

demo-image

ഇന്ത്യന്‍ പ്രവാസികള്‍ക്ക് അത്താണിയായി ബി.കെ.എസ് ഹെല്‍പ് ലൈന്‍

ബഹ്റൈന്‍ കേരളീയ സമാജം സാമൂഹിക സേവന മേഖല ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍ ആരംഭിക്കുന്നു. സമാജത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ബ്ളോക്കില്‍ ഇന്നുമുതല്‍ ഹെല്‍പ്ലൈന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനകം നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഹൈല്‍പ്ലൈന്‍ ആരംഭിക്കുന്നത്. വൈകുന്നേരം ആറു മുതല്‍ ഒമ്പത് മണിവരെ ഓഫീസ് പ്രവര്‍ത്തിക്കും. 39398598 എന്ന നമ്പറില്‍ വിളിച്ചാല്‍ ഏത് സമയവും ഹെല്‍പ്ലൈന്‍െറ സഹായം ലഭ്യമാകും. കെ. ജനാര്‍ദനനന്‍െറ നേതൃത്വത്തില്‍ വിവിധ വിംഗുകളായാണ് ഹെല്‍പ്ലൈന്‍ പ്രവര്‍ത്തിക്കുക. ബിജി ശിവകുമാറിന്‍െറ നേതൃത്വത്തിലുള്ള കൗണ്‍സലിങ് കേന്ദ്രത്തില്‍ 14 വനിതകളും 17 പുരുഷന്മാരുമുണ്ട്. ലീഗല്‍ എയിഡ് സെന്‍ററിന്‍െറ ചുമതല അഡ്വ. വി.കെ. തോമസിനാണ്. എംപ്ളോയ്മെന്‍റ് സെന്‍ററിന് എം.കെ. സിറാജുദ്ദീനും എം.കെ. മാത്യൂവും നേതൃത്വം നല്‍കും. മൃതദേഹങ്ങള്‍ അയക്കുന്നത് ഉള്‍പ്പെടെ മാനുഷിക സഹായങ്ങള്‍ ബി.കെ.എസ് ചാരിറ്റി കമ്മിറ്റിയാണ് ലഭ്യമാക്കുക. എന്‍. ഗോവിന്ദന്‍, കെ. ജനാര്‍ദനന്‍, എം.കെ. സിറാജുദ്ദീന്‍ എന്നിവരാണ് അംഗങ്ങള്‍. താമസം നഷ്ടപ്പെട്ട് ദുരിതത്തിലാകുന്നവര്‍ക്ക് അടിയന്തരമായി അഭയം നല്‍കുന്നതിനും സംവിധാനം ഒരുക്കും. ഉദാരമതികളുടെ സംഭാവന ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക. എംബസി അധികൃതര്‍ പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സമാജം ആക്ടിങ് പ്രസിഡന്‍റ് വി.കെ. പവിത്രന്‍, ജന. സെക്രട്ടറി ആഷ്ലി ജോര്‍ജ്, നാദബ്രഹ്മം മ്യൂസിക് ക്ളബ് കണ്‍വീനര്‍ ജോസ് ഫ്രാന്‍സിസ്, സ്പോര്‍ട്സ് കണ്‍വീനര്‍ കെ. സജുകുമാര്‍, ഹെല്‍പ് ഡസ്ക് കണ്‍വീനര്‍ കെ. ജനാര്‍ദനന്‍, സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത്, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ എന്‍. ഗോവിന്ദന്‍, എം.കെ. സിറാജുദ്ദീന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവട്ടറി എന്നിവര്‍ പങ്കെടുത്തു.

Pages