കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കി - Bahrain Keraleeya Samajam

Breaking

Thursday, December 10, 2009

കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കി

ഭരണസമിതിയില്‍ 10 അംഗങ്ങളേ പാടുള്ളൂ എന്ന സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് കേരളീയ സമാജം ഭരണസമിതിയില്‍ നിന്ന് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് അസി. ട്രഷറര്‍ ടി.ജെ ഗിരീഷ് സ്ഥാനമൊഴിയും. അടുത്തവര്‍ഷം മുതല്‍ 10 സ്ഥാനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ്.തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നുവെന്ന് സമാജം പ്രസിഡന്റ് പി.വി മോഹന്‍കുമാറും ജനറല്‍ സെക്രട്ടറി എന്‍.കെ മാത്യുവും അറിയിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവില്‍ ക്ഷണിക്കപ്പെട്ട അംഗമായി അസി. ട്രഷറര്‍ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ 160ഓളം പേര്‍ പങ്കെടുത്തു. ജനറല്‍ ബോഡിയുടെ അംഗീകാരപ്രകാരമുള്ള 10 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ലിസ്റ്റ് ഇന്നാണ് മന്ത്രാലയത്തിന് നല്‍കേണ്ടത്. ഇതനുസരിച്ച് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റ് ഇന്ന് മന്ത്രാലയത്തിന് നല്‍കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. ലിസ്റ്റ് നല്‍കി വൈകാതെ സമാജം ഭരണസമിതിക്ക് മന്ത്രാലയത്തിന്റെ 'സിഗ്നേച്ചറി അതോറിറ്റി' ലഭിക്കുമെന്നാണ് പ്രതീക്ഷ.ഭരണസമിതിയില്‍ 10 അംഗങ്ങളില്‍ അധികം പാടില്ല എന്ന മന്ത്രാലയത്തിന്റെ പുതിയ നിബന്ധന, സമാജം ഭരണസമിതി പ്രവര്‍ത്തനത്തിലുണ്ടാക്കാനിടയുള്ള പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ജനറല്‍ ബോഡി വിളിച്ചത്. മന്ത്രാലയത്തിന്റെ നിബന്ധനയനുസരിച്ച് പ്രസിഡന്റിനും ട്രഷറര്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അധികാരമുണ്ടായിരുന്നില്ല. മുന്‍ പ്രസിഡന്റും ട്രഷററുമാണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്. വാടക, വൈദ്യുതിബില്‍, ശമ്പളം തുടങ്ങി സമാജത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് സാങ്കേതിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സമാജത്തെക്കൂടാതെ, മറ്റ് ക്ലബുകളുടെ എക്സിക്യൂട്ടീവുകള്‍ക്കും ചെക്കില്‍ ഒപ്പിടാന്‍ അനുവാദമില്ല.ഇപ്പോഴത്തെ പ്രസിഡന്റിനും ട്രഷറര്‍ക്കും ഒപ്പിടാനുള്ള അനുമതി ലഭിക്കുന്നതുവരെ, ചെക്കില്‍ ഒപ്പിടാനുള്ള അനുവാദം സമാജം മുന്‍ പ്രസിഡന്റിനും ട്രഷറര്‍ക്കും ജനറല്‍ ബോഡി നല്‍കിയിട്ടുണ്ട്.സാമ്പത്തിക വര്‍ഷത്തെ കലണ്ടര്‍ പ്രകാരം നിലവിലുള്ള അക്കൌണ്ടുകള്‍ ഈ മാസം 31ന് ക്ലോസ് ചെയ്യും. മൂന്നുമാസത്തേക്കുകൂടി ഭരണസമിതി തുടരുമെങ്കിലും, പ്രായോഗിക തലത്തില്‍ കമ്മിറ്റിയുടെ കാലാവധി ഇതോടെ പൂര്‍ത്തിയാകുകയാണ്. ഇതുമൂലം, ഇപ്പോള്‍ വരുത്തിയ മാറ്റം സമാജത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.എക്സിക്യൂട്ടീവിലെ ഏത് സ്ഥാനം ഒഴിവാക്കണമെന്നതിനെക്കുറിച്ച് ജനറല്‍ ബോഡിയില്‍ ചൂടേറിയ ചര്‍ച്ച നടന്നു. അസിസ്റ്റന്റ് സ്ഥാനങ്ങളില്‍ ഓരോന്നിനെക്കുറിച്ചും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. അസി. സെക്രട്ടറി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി, ലൈബ്രേറിയന്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി എന്നീ സ്ഥാനങ്ങളെ ചൊല്ലിയായിരുന്നു ചര്‍ച്ച. ലൈബ്രേറിയന്റെ ചുമതല സാഹിത്യവിഭാഗം സെക്രട്ടറിക്ക് നല്‍കണമെന്നും അസി. സെക്രട്ടറിയുടെ ചുമതല വിപുലീകരിക്കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഈ സ്ഥാനങ്ങള്‍ സമാജത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്നാണ് അസി. ട്രഷററുടെ സ്ഥാനം ഒഴിവാക്കാന്‍ യോജിച്ച തീരുമാനമുണ്ടായത്

No comments:

Pages