ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ - Bahrain Keraleeya Samajam

Breaking

Saturday, December 5, 2009

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘

ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം 2009, ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ എന്നിവ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള സമാജം സാഹിത്യപുരസ്കാരം കാക്കനാടനു ലഭിച്ചു. ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ജാലകം സാഹിത്യപുരസ്കാരം ബിജു പി. ബാലകൃഷ്ണന്‍ ദേവസേന എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. നചികേതസ് എന്ന പേരില്‍ ബ്ലോഗില്‍ സജീവമായ ബിജു പി. ബാലകൃഷ്ണന് ചെറുകഥയ്ക്കും ദേവസേനക്ക് കവിതയ്ക്കുമുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്.
ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യപുരസ്കാരം 2009 മുന്‍ വര്‍ഷങ്ങളില്‍ എം.മുകുന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, ഓ.എന്‍.വി കുറുപ്പ്, സുഗതകുമാരി, കെ.ടി മുഹമ്മദ്, സി. രാധാകൃഷ്ണന്‍ എന്നിവര്‍ ജേതാക്കളായിട്ടുള്ള ബഹ്‌റൈന്‍ കേരളീയസമാജം സാഹിത്യ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മലയാള സാഹിത്യ ലോകത്ത് പുതിയ ഭാഷയും പുതിയ ഭാവവും പുതിയ ദര്‍ശനവും അവതരിപ്പിച്ച് ആധുനികതാ പ്രസ്താനത്തിന്റെ ഭാവുകത്വം ചെറുകഥയിലൂടെയും നോവലിലൂടെയും പുറം‌ലോകത്തെ അനുഭവിപ്പിച്ച ശ്രീ കാക്കനാടനാണ്. പ്രകോപനപരമായ രചനകളിലൂടെ സാഹിത്യത്തിലേയും സമൂഹത്തിലേയും വ്യവസ്ഥാപിതത്വങ്ങളെ വെല്ലുവിളിച്ച കാക്കനാടന്‍ ധീരവും വശ്യവുമായ കൃതികള്‍കൊണ്ട് മലയാളത്തില്‍ ഒരു പുതുയുഗം സൃഷ്ടിച്ചുവെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എം.മുകുന്ദന്‍, ഡോ. കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09‘ ബിജു പി.ബാലകൃഷ്ണനും (നചികേതസ്) ദേവസേനക്കും .
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യമാസികയായ ‘ജാലകം’ പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ‘ബി.കെ.എസ് ജാലകം സാഹിത്യപുരസ്കാരം-09 ന് ചെറുകഥാവിഭാഗത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ബിജു പി ബാലകൃഷ്ണന്റെ ‘അവര്‍ക്കിടയില്‍’ എന്ന ചെറുകഥയും കവിതാ വിഭാഗത്തില്‍ അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെ അടുക്കി വെച്ചിരിക്കുന്നത് എന്ന കവിതയും സമ്മാനാര്‍ഹമായി. പ്രശസ്ത നിരൂപകന്‍ കെ.എസ് രവികുമാര്‍, കഥാകൃത്ത് പി.സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. തിരുവനന്തപുരത്ത്, സമാജം പ്രസിഡന്റ് പി.വി മോഹന്‍‌കുമാര്‍, ജൂറി അംഗം കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപ്പിള്ള എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് അവാര്‍ഡ് പ്രഖ്യാപിച്ച അതേസമയത്ത് സമാജത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെ.ജനാര്‍ദ്ദനന്‍, എന്‍.കെ മാത്യു, ബെന്യാമിന്‍ എന്നിവര്‍ സംബന്ധിച്ചു.ആവേശകരമായ പ്രതികരണമായിരുന്നു മത്സരത്തിന് ലഭിച്ചത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി മൊത്തം 41 കഥകളും 45 കവിതകളും മത്സരത്തിനായി അയച്ചു കിട്ടിയിരുന്നെന്ന് ഇവര്‍ അറിയിച്ചു. ജനുവരിയില്‍ സമാജത്തില്‍ വെച്ചു നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്കാരം വിതരണം ചെയ്യും.

No comments:

Pages