സമാജത്തിന്റെ അശരണർക്ക് ഉള്ള ഭവന പദ്ധതി - Bahrain Keraleeya Samajam

Wednesday, July 18, 2018

demo-image

സമാജത്തിന്റെ അശരണർക്ക് ഉള്ള ഭവന പദ്ധതി

Thuravoor


ബഹ്റിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്താൽ നടപ്പാക്കി വരുന്ന അശരണർക്ക് ഉള്ള ഭവന പദ്ധതിയിൽ, നസ്രത്ത് ചാരിറ്റബ്ൾ ട്രസ്ററുമായി സഹകരിച്ച് അങ്കമാലിക്കടുത്ത് തുറവൂരിൽ പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽദാന ചടങ്ങിൽ തുറവൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വൈ. വർഗീസ് അധ്യക്ഷനായിരുന്നു. സമാജം പ്രസിഡന്റ് ശ്രീ പി.വി.രാധാകൃഷ്ണപിള്ള , സംസ്ഥാന വനിതകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ,  അങ്കമാലി നഗരസഭ ചെയർപേഴ്സൺ എംഎ ഗ്രേസി, ജില്ലാ പ ഞ്ചായത്ത് മെംബര്‍ സാംസണ്‍ ചാക്കൊ, തുറവൂർ പഞ്ചായത്ത് മെംബർ എം.എം. ജയ്സൺ, നസ്രത്ത് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി  ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും , നിരവധി സമാജം അംഗങ്ങളും  പങ്കെടുത്തു.

ജീവിതത്തിൽ ചോർച്ചയില്ലാത്ത ഒരു സുരക്ഷിതമായ വീട്ടിൽ ഭാര്യയോടും മകനോടുമൊപ്പം  അന്തിയുറങ്ങണമെന്ന ആഗ്രഹത്തോടെ ജീവിച്ചിരുന്ന ജോസിന്‍റെ വീടിന്‍റെ താക്കോൽ ദാനം ജോസ് ഇല്ലാതെ നടത്തി. കഴിഞ്ഞ ദിവസം അസുഖബാധിതനായി മരണമടഞ്ഞ ജോസിന്റെ വീടിന്റെ താക്കോൽ ദാനം ഇന്നലെയാണ് നടന്നത്.  സ്വന്തമായി ഭവനം എന്നത് തുറവൂർ കല്ലൂക്കാരൻ ജോസിന്‍റെ വലിയ ആഗ്രഹമായിരുന്നു. വാതക്കാട് സ്വന്തമായി ലഭിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയായി താമസിക്കാനായി കാത്തിരിക്കുമ്പോഴാണ് ആ വീട്ടിൽ ഭാര്യയ്ക്കും മകനും ഒപ്പം ഒരു ദിവസം പോലും അന്തിയുറങ്ങാനാകാതെ ജോസ് വിധിക്ക് കീഴടങ്ങിയത് . ജോസും കുടുംബവും വർഷങ്ങളായി തുറവൂർ വാട്ടർടാങ്കിന് സമീപത്തെ വാടകവീട്ടിലാണ്  താമസിച്ചിരുന്നത്.

വൃക്ക, കരൾരോഗബാധിതനായിരുന്നജോസിന്‍റെ ചികിത്‌സയ്ക്കായി ഒട്ടേറെ ആശുപത്രികളിൽ കയറിയിറങ്ങി. അങ്ങനെ ജോലിയ്ക്ക് പോലും ജോസിന് പോകുവാൻ പറ്റാതെ വന്നതോടെ ഇവരുടെ ജീവിതം വളരെ ദുരതത്തിലായി.  ഈ കുടുംബത്തിന്‍റെ ദുരിതം അറിഞ്ഞ് റോജി എം ജോൺ എം എൽ എ യുടെ ഇടപ്പെടല്‍ മൂലം ബഹ്‌റിൻ കേരളീയ സമാജത്തിന്‍റെ ഭവന പദ്ധതിയിലുള്‍പ്പെടുത്തി  നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റാണ് വീടും സ്ഥലവും  നൽകിയത്.  ഇന്നലെ വീടിന്‍റെ താക്കോൽദാനച്ചടങ്ങ് നടക്കാനിരിക്കെയാണ് അസുഖം മൂർച്ഛിച്ച് ജോസ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്.

നസ്രത്ത് ചാരിറ്റബിൾട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്ത് ഗ്രേയ്‌സ് നഗറിൽ ജോസിനായി വീട് പണികഴിപ്പിച്ചു.  ഒരാഴ്ച മുൻപ്ജോസും ഭാര്യ മേരിയും മകൻ ക്രിസ്റ്റോയും വാതക്കാടെത്തി പുതിയ വീട് കണ്ടിരുന്നു. ജോസിന്‍റെയും കുടുംബത്തിന്‍റെയും അഭിപ്രായം അറിഞ്ഞതിനുശേഷമാണ് താക്കോൽ ദാനച്ചടങ്ങിന്‍റെ തീയതി നിശ്ചയിച്ചത്. എന്നാൽ അതിന് കാത്തു നിൽക്കാതെ ജോസ് വിടപറഞ്ഞു. ജോസിന്‍റെ വിങ്ങുന്ന ഓർമ്മകളോടെയാണ് ഭാര്യ മേരി  റോജി എം.ജോൺ എംഎൽഎയിൽ നിന്നും താക്കോൽ ഏറ്റു വാങ്ങിയത്.

Pages