കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘ഡ്രമാറ്റിക്സ്-2016’ എന്ന നാടകശില്‍പശാല പൂര്‍ത്തിയായി. ഇതിന്‍െ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25,26 തിയതികളില്‍ പ്രശസ്ത സ്പാനിഷ് എഴുത്തുകാരന്‍ ഫെഡറികോ ഗാര്‍സ്യ ലോര്‍കയുടെ ‘യെര്‍മ’ എന്ന നാടകം അരങ്ങേറുമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ആക്ടിങ് ജന.സെക്രട്ടറി എം.കെ.സിറാജുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകനാടകരംഗത്തെ മാറ്റങ്ങള്‍ ബഹ്റൈന്‍ മലയാളികളുടെ നാടകാനുഭവങ്ങളുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. നാടക-സിനിമാ സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഡോ. എസ്.സുനില്‍ ആണ് ഒരു മാസക്കാലം നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നല്‍കിയത്.
മലയാളത്തില്‍ പുതിയ കാലത്തിന്‍െറ ഭാവുകത്വവുമായി ചേര്‍ന്നുപോകുന്ന നാടകങ്ങള്‍ കുറവാണെന്ന് ഡോ.സുനില്‍ പറഞ്ഞു. മികച്ച രചനകളാകട്ടെ, മലയാളികള്‍ വേണ്ടപോലെ ഉള്‍ക്കൊള്ളുകയും ചെയ്തില്ല. പി.എം.താജിനെ ‘കുടുക്ക’ ഇതിന് ഉദാഹരണമാണ്. ശക്തമായ രചനകള്‍ ഇല്ലാത്തത് വീണ്ടും ക്ളാസിക്കുകള്‍ തേടിപ്പോകുന്നതിന് വഴിയൊരുക്കുന്നു. നാടക സാഹിത്യവും രംഗവേദിയിലെ പ്രയോഗവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹത്തായ നാടക പാരമ്പര്യമുണ്ടായിരുന്ന നാടാണ് ഇന്ത്യ. ഇത് ഒരു ഘട്ടത്തില്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍, യൂറോപ്പ് ഓറിയന്‍റല്‍ വേദികളെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. നാടകത്തിന്‍െറയും സിനിമയുടെയും ദൃശ്യഭാഷ കേരളത്തില്‍ അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ആശയങ്ങള്‍ മാത്രം പറഞ്ഞ് നില്‍ക്കാവുന്ന കലാരൂപങ്ങളല്ല ഇവ രണ്ടും. കേരളീയ സമാജത്തിന്‍െറ എല്ലാ മേഖലയിലുമുള്ള പിന്തുണ മൂലമാണ് ‘യെര്‍മ’പോലൊരു നാടകം അവതരിപ്പിക്കാനായത്. ഈ നാടകം കേരളത്തില്‍, വരുന്ന ഫെസ്റ്റിവലില്‍ അവതരിപ്പിക്കാനാകുമോ എന്നും പരിഗണിക്കുന്നുണ്ടെന്ന് ഡോ.സുനില്‍ പറഞ്ഞു. നാടക രചനക്കായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്ന് പി.വി.രാധാകൃഷ്ണപിള്ളയും കൂട്ടിച്ചേര്‍ത്തു.
‘യെര്‍മ’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി രംഗത്ത് അവതരിപ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് മുന്നോട്ടു പോയത്. നാടകം പൂര്‍ണമായും മുഴുവന്‍ പേരുടേയും പങ്കാളിത്തത്തോടെ വികസിപ്പിക്കുകയാണ് ചെയ്തത്. അതുവഴി ശില്‍പശാല സാര്‍ഥകമായെന്ന് സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി അഭിപ്രായപ്പെട്ടു.
ഏകാധിപത്യം ജീവനെടുത്ത ലോര്‍കയുടെ ഈ നാടകം പുരുഷാധിപത്യ വ്യവസ്ഥയില്‍ വരണ്ടുണങ്ങാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ്.
കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയെന്ന ചെറു ആഗ്രഹം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെയും അവക്കുമേല്‍ പടര്‍ന്നുകിടക്കുന്ന സദാചാര പരികല്‍പനകളെയും ലോര്‍ക പ്രശ്നവല്‍ക്കരിക്കുന്നു. ലോകത്തെ മഹത്തായ നാടകങ്ങളിലൊന്നായ ‘ യെര്‍മ’ 25, 26 തീയതികളില്‍ രാത്രി എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് അരങ്ങേറുക. ഹാളിന്‍െറ മധ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. പ്രവേശം സൗജന്യമാണ്.
ബഹ്റൈനിലെ എല്ലാ നാടക പ്രേമികളെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ വിജു കൃഷ്ണന്‍, ശില്‍പശാല-പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍ നിര്‍മല ജോസഫ് എന്നിവരും പങ്കെടുത്തു.
No comments:
Post a Comment