ചര്‍ച്ചയും സംവാദവും നിറഞ്ഞ് സമാജം നാടക ക്യാമ്പ് - Bahrain Keraleeya Samajam

Breaking

Thursday, August 11, 2016

ചര്‍ച്ചയും സംവാദവും നിറഞ്ഞ് സമാജം നാടക ക്യാമ്പ്

കേരളീയ സമാജത്തില്‍ നടക്കുന്ന നാടകക്യാമ്പില്‍ നിന്ന്


കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ’യുടെ നേതൃത്വത്തില്‍ നടക്കുന്ന നാടക ക്യാമ്പില്‍ ആധുനിക തിയറ്റര്‍ സങ്കേതങ്ങളുടെയും രംഗാവതരണ രീതികളുടെയും പരിശീലനം പുരോഗമിക്കുന്നു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശില്‍പശാലക്ക് തൃശൂര്‍ ‘സ്കൂള്‍ ഓഫ് ഡ്രാമ’ അധ്യാപകനും സംവിധായകനുമായ ഡോ. സുനില്‍ ആണ് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും രാത്രി എട്ടുമണി മുതല്‍ പതിനൊന്നുവരെ നീളുന്ന ശില്‍പശാലയില്‍ 50ഓളം പേര്‍ പരിശീലനം നേടുന്നുണ്ട്. ബഹ്റൈനിലെ വിവിധ നാടകമത്സരങ്ങളിലും മറ്റും പരസ്പരം മത്സരിക്കുന്നവര്‍ ഒരുമിച്ച് ചര്‍ച്ച നടത്തുന്ന ദൃശ്യമാണ് ക്യാമ്പില്‍ കാണുന്നത്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തവര്‍, അഭിനേതാക്കള്‍, രചയിതാക്കള്‍, സാങ്കേതിക വിഗദ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ക്യാമ്പിലുണ്ട്.ക്യാമ്പിന്‍െറ അവസാനത്തോടെ, ആഗസ്റ്റ് 25നും 26നും അവതരിപ്പിക്കുന്ന സ്പാനിഷ് എഴുത്തുകാരന്‍ ഫ്രെഡറികോ ഗാര്‍സ്യ ലോര്‍കയുടെ ‘യെര്‍മ’ എന്ന നാടകത്തിന്‍െറ പരിശീലനവും തകൃതിയായി നടക്കുന്നുണ്ട്. നാടകരംഗത്തെ പുതുഭാവുകത്വം ഇവിടുത്തെ നാടകപ്രേമികളിലേക്ക് പകരാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ സുനില്‍ പറഞ്ഞു. ക്യാമ്പംഗങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുള്ള പരിശീലനമാണ് നടത്തുന്നത്. ഓരോരുത്തരുടെയും ഉള്ളിലുള്ള നാടകബോധത്തെ പൂര്‍ണമായും ആവിഷ്കരിക്കുകയെന്ന ലക്ഷ്യവും ക്യാമ്പിന്‍െറ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോര്‍കയുടെ നാടകത്തിന്‍െറ സംഗീതം ഒരുക്കുന്നത് ഹരീഷ് മേനോന്‍ ആണ്. സംവിധാനം സുനില്‍ ആണ് നിര്‍വഹിക്കുന്നത്. സംവിധാനത്തിന്‍െറ സൂക്ഷ്മ തലങ്ങള്‍ അറിയാനായി, ജലീല്‍, അനില്‍ സോപാനം, വിഷ്ണു നാടകഗ്രാമം, അനില്‍ വെങ്കോട് എന്നിവരും സുനിലിനൊപ്പമുണ്ട്. നാടകം വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അവതരണരീതി, രംഗബോധം തുടങ്ങിയവ സമൂഹവുമായി ബന്ധപ്പെടുത്താനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. ക്യാമ്പ് തുറക്കുന്ന പുതിയ വഴികളിലൂടെ ഇവിടുത്തെ ഓരോ നാടകപ്രവര്‍ത്തകര്‍ക്കും അരങ്ങില്‍ തിളങ്ങാനാകുമെന്ന് പഠിതാക്കള്‍ വിലയിരുത്തുന്നു. ‘യര്‍മ’ എന്ന നാടകത്തിന്‍െറ കഥയും കഥാസന്ദര്‍ഭങ്ങളും പ്രമേയപരമായ പരാമര്‍ശങ്ങളും സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും കഴിഞ്ഞ ദിവസം നടന്നു. ഓരോ ദിവസങ്ങളിലും കഥാപാത്രങ്ങളുടെ നിര്‍ണയവും സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള ക്ളാസുകളും നടന്നുവരുന്നുണ്ട്. നാടകത്തിന്‍െറ പരിഭാഷയും ഡോ. സുനിലാണ് നിര്‍വഹിച്ചത്. ജീവിതത്തിലെ പ്രശ്നങ്ങളും വിശ്വാസങ്ങളും സന്മാര്‍ഗികതകളും തലമുറകളിലൂടെ കൈമാറിവന്ന മൂല്യസംഹിതകളാണെന്ന് വിശ്വസിച്ച ഒരു ജനതക്ക് മുമ്പില്‍ യര്‍മ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. യര്‍മ ഒരു മനുഷ്യസ്ത്രീ മാത്രമായിരുന്നില്ല. മറിച്ച് പ്രകൃതിയായിരുന്നു. സൃഷ്ടിയും അതിജീവനവും മരണവും ഉള്‍ച്ചേര്‍ന്ന പോരാട്ടത്തിന്‍െറ കഥകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’ കണ്‍വീനര്‍ വിജുകൃഷ്ണന്‍, ദിനേശ് കുറ്റിയില്‍, വിഷ്ണു, നിമ്മി ജോസഫ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളുമാണ് നാടകക്യാമ്പിന്‍െറ മേല്‍നോട്ടം വഹിക്കുന്നത്.

No comments:

Pages