യർമ്മ’- മാതൃത്വത്തിന്റെ മറുപുറം - Bahrain Keraleeya Samajam

Breaking

Friday, August 26, 2016

യർമ്മ’- മാതൃത്വത്തിന്റെ മറുപുറം

പി.  ഉണ്ണികൃഷ്ണൻ
ബഹ്റിൻ കേരളീയ സമാജത്തിൽ ഇന്നലെ നടന്ന യർമ്മ എന്ന നാടകം കണ്ടപ്പോൾ ഓർത്തുപോയത്  സ്പെയിൻ പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ കടന്നുപോയ സങ്കീർണ്ണമായ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. 
ഫെ‍‍ഡറിക്കോ ഗാർഷ്യ ലോർക്ക രചിച്ച യർമ്മ എന്ന നാടകം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒറ്റ നോട്ടത്തിൽ പ്രസവിക്കാത്ത (യർമ്മ) ഒരു സ്ത്രീയുടെ കഥയും അവൾ അനുഭവിക്കുന്ന മാനസിക സംഘട്ടനങ്ങളും അതുവഴി സ്വന്തം ഭർത്താവിനെ കൊല്ലുകയും ചെയ്യുന്ന ഒരു സാധാരണക്കാരിയുടെ ഗ്രാമീണ പശ്ചാത്തലം ഉള്ള ഒരു നാടകമാണ്. 
പട്ടാള ഭരണത്തിന് ശേഷം 1931ൽ ഒരു ജനാധിപത്യ സംവിധാനത്തിലേക്കുള്ള ഭരണമാറ്റത്തിന്റെ ഭാഗമായി പലയിടങ്ങളിലും സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ 34ാമത്തെ വയസിൽ സ്പെയിനിൽ സ്വന്തം കഴിവിനാൽ പട്ടാള ജനറൽ ആയ വ്യക്തിയാണ്. സ്പെയിൻ ഒരു റിപ്പബ്ലിക്കൻ രാജ്യമായത് ഇഷ്ടപ്പെടാതെ അദ്ദേഹം നിരന്തരം ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമിച്ചിരുന്നു.ഹിറ്റ്ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകിയ ഫ്രോങ്കോ 1939ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമാണ് പത്രങ്ങൾക്കും എഴുത്തുകാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത്തരം ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗാർഷ്യ എഴുതിയ ഈ നാടകത്തിന് ഒരു മറുപുറം അല്ലെങ്കിൽ കാണാപ്പുറമുണ്ടെന്ന് ഞാൻ കരുതുന്നു.
സാധാരണ മനുഷ്യരുടെ ഹൃദയത്തുടിപ്പുകളുമായി മനുഷ്യത്വം പൂർണ്ണമായും ഉൾക്കൊണ്ട യർമ്മ പ്രതിനിധീകരിക്കുന്നത് സന്പത്തിനേക്കാൾ മറ്റ് സുഖലോലുപതയെക്കാൾ മാനുഷിക മൂല്യത്തിന് പരിഗണന നൽകുന്ന ഒരു സമൂഹത്തെയാണ്. അതേസമയം യർമ്മയുടെ ഭർത്താവായ ജുവാനാകട്ടെ, തികഞ്ഞ സ്വാർത്ഥനും സ്വന്തം ഉൽപ്പാദനക്ഷമത വരെ മറ്റാർക്കും പങ്കു വയ്ക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തിയുമാണ്. ജുവാൻ, സന്പത്തിന് വേണ്ടി നിരന്തരം ആഗ്രഹിക്കുന്നവനും ഒപ്പം സ്വന്തം ഭാര്യയെ വരെ ഒരു ‘മുതൽ’ മാത്രമായി പരിഗണിക്കുന്ന മുതലാളിയാകുവാൻ ശ്രമിക്കുന്ന മധ്യവർഗ്ഗ പ്രതിനിധിയാണ്. ഇവിടെ യർമ്മയും ജുവാനും തമ്മിലുള്ള വൈരുദ്ധ്യം തൊഴിലാളിയും മുതലാളിയും തമ്മിലുള്ള അന്തരം തന്നെയാണ്. മറ്റുള്ളവരെക്കാൾ ഉയരത്തിലിരിക്കുവാൻ സ്ഥിരം ആഗ്രഹിക്കുന്ന ജുവാൻ കണ്ണും നട്ട് രാപ്പകൽ ഇരിക്കുന്നത് തന്റെ സന്പത്ത് സംരക്ഷിക്കുവാനാണ്. ഇതിനിടയിൽ തന്റെ ഏറ്റവും അമൂല്യമായ സന്പത്തായ യർമ്മയുടെ യഥാർത്ഥ ആവശ്യം ഏതൊരു മുതലാളിയെ പോലെ ജുവാനും തിരിച്ചറിയുന്നില്ല. 
ഒരു ബൂർഷ്വാസിയുടെ മനസ് കടമെടുത്ത ജുവൻ യ‍‍‍‍ർമ്മയെ തന്റെ ഭാര്യ എന്ന തൊഴിലാളിയാക്കി മാറ്റിയപ്പോൾ യർമ്മയിൽ ഉണ്ടായ മാനസിക മാറ്റങ്ങൾ യർമ്മയെ ചില വിപ്ലവകരമായ ചില തീരുമാനങ്ങൾ എടുക്കുവാൻ പ്രേരിപ്പിക്കുകയാണ്. യർമ്മയുടെ പഴയ സുഹൃത്തായ വിക്ടറിൽ യർമ്മയ്ക്ക് സ്നേഹം തോന്നുകയും വിക്ടർ വിട്ട് പോകുന്പോൾ സങ്കടം വരികയും ചെയ്യുന്നു. തനിക്ക് സ്ഥിരം അന്നവും മറ്റ് വസ്തുക്കളും സൗകര്യങ്ങളും തരുന്നില്ലേ എന്ന് നിരന്തരം വാദിക്കുന്ന ജുവാനെ യർമ്മ കഴുത്ത് ഞെരിച്ച് കൊല്ലുന്പോൾ പറയുന്ന വാചകം ഇതാണ്. “ഞാൻ കൊന്നത് എന്റെ കുഞ്ഞിനെ തന്നെയാണ്. എന്റെ സ്വന്തം കുഞ്ഞിനെ!”
ഒരു മുതലാളിയെ അല്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയെ തകർക്കുന്ന തൊഴിലാളി നശിപ്പിക്കുന്നത് തനിക്ക് കിട്ടാവുന്ന തൊഴിലും അതുവഴി ലഭിക്കുന്ന സൗകര്യങ്ങളുമാണെന്ന ചിന്തയും ഇതിലുണ്ട്. എങ്കിലും സ്വാർത്ഥന്മാരുടെ മനുഷ്യരഹിതമായ പ്രവ‍ർത്തികൾക്കെതിരെ പ്രതികരിക്കാതെ വയ്യ എന്ന കമ്യൂണിസ്റ്റ് ചിന്തയും കവി മനസിൽ ഉണ്ടായിരിക്കും എന്ന് തോന്നുന്നു.
സമാജത്തിൽ ഈ നാടകം അവതരിപ്പിച്ച സംവിധായകൻ ഡോ സുനിൽ, സംഗീത സംവിധായകർ, അണിയറ ശിൽപ്പികൾ തുടങ്ങി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.സമാജത്തിന്റെ സ്ഥലപരിമിതി പരമാവധി നന്നായി ഉപയോഗിച്ച് തന്നെയാണ് സംവിധായകൻ േസ്റ്റജ് തിട്ടപ്പെടുത്തിയിരിക്കുന്നത്.യർമ്മയായി അഭിനയിച്ച വിജിന സന്തോഷ് അവരുടെ റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. േസ്റ്റജിന്റെ പിറകിലായി ഉപയോഗിച്ച ഡിജിറ്റൽ സ്ക്രീനും അതിലെ രൂപങ്ങളും കൂറെക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. വേദിക്ക് പുറത്തെ പ്രതീകങ്ങൾ ആയി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രാധാന്യം ലൈറ്റുകളുടെ അഭാവത്താൽ ആസ്വാദ്യമായില്ല.
ഇടയ്്ക്കിടെ കൂട്ടത്തോട് കൂടി വരുന്ന കുട്ടികളുടെ വരവ്, പ്രത്യേകിച്ച് ഒരു സന്തോഷവും കാണികൾക്ക് നൽകുന്നില്ല. ചില സ്ഥലങ്ങളിൽ നടന്മാരുടെയും കുട്ടികളുടെയും കൂട്ടത്തോടെയുള്ള വരവ് അരോചകമായി തോന്നി. രണ്ടാം പകുതിയിൽ യർമ്മയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന നൃത്തരംഗം കുറേക്കൂടി നന്നാക്കാമായിരുന്നു. ആദ്യ രംഗത്തിൽ കുളക്കടവിൽ നടത്തിയ സ്ത്രീകളുടെ പരദൂഷണം നടന്മാർ വളരെ നന്നായി കൈകാര്യം ചെയ്യുകയും കാണികൾ അത് ആസ്വദിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുൻപ് അവതരിപ്പിക്കപ്പെട്ട നാടകമാണെങ്കിലും ഇപ്പോൾ ബഹ്റിനിലെ കലാകാരന്മാർ അവതരിപ്പിച്ച ഈ നാടകം കേരളത്തിലെ പ്രൊഫഷണൽ നാടക ഗ്രൂപ്പുമായി വെല്ലുവിളിക്കുവാൻ തരത്തിൽ തന്നെ വളർന്നിരിക്കുന്നു. നാടകത്തിൽ അഭിനയിച്ച ഒട്ടുമിക്ക നടന്മാരും എല്ലാവരും മനോഹരമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഒരു നല്ല നാടകം തഴക്കം വന്ന നാടക സംവിധായകന്റെ സാന്നിദ്ധ്യം നാടകത്തിന്റെ ആദ്യം മുതൽ അവസാനം വരെ കാണികൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു എന്നതും നാടകത്തെ വേറിട്ടതാക്കിത്തീർത്തു.
ഇന്നലെ ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച യെർമ എന്ന നാടകത്തെപ്പറ്റി 4 pm ചെയർമാൻ ശ്രീ.പി.ഉണ്ണികൃഷ്ണൻ നൽകിയ വിവരണം.

Source: 4pm News (www.4pmnews.com)

No comments:

Pages