കുട്ടികളുടെ മനം കവര്‍ന്ന് ‘ടോട്ടോചാന്‍’ - Bahrain Keraleeya Samajam

Breaking

Saturday, January 4, 2014

കുട്ടികളുടെ മനം കവര്‍ന്ന് ‘ടോട്ടോചാന്‍’

ബഹ്റൈന്‍ കേരളീയസമാജം കുട്ടികളുടെ വിഭാഗമായ ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിച്ച ‘ടോട്ടോചാന്‍’ എന്ന നാടകം ശ്രദ്ധേയമായി. 40ഓളം കുട്ടികളാണ് അരങ്ങിലത്തെിയത്. പ്രശസ്ത നാടകപ്രവര്‍ത്തകനും സംവിധായകനുമായ മനോജ് നാരായണന്‍ അധ്യാപകനായി കുട്ടികളോടൊപ്പം അഭിനയിച്ചു. പ്രകൃതിയുടെ വര്‍ണരാജിയും സംഗീതവും കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ കൊട്ടിയടച്ച് കാണാപാഠത്തിന്‍െറ വായ്ത്താരികളട്ടഹസിച്ച് ക്ളാസ്മുറികള്‍ ജയിലുകളാക്കി മാറ്റി ഒൗപചാരിക വിദ്യാഭ്യാസം തുടരുന്ന ഈ കാലഘട്ടത്തിനെതിരെ തുറന്നുവെച്ച കണ്ണാടിയായിരുന്നു ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിച്ച നാടകം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ടോക്കിയോവില്‍ കുഞ്ഞുങ്ങളെ പ്രകൃതിയുടെ വെളിച്ചം കാണിച്ച് സമഗ്ര വിദ്യാഭ്യാസത്തിന്‍െറ പുതിയ വഴികള്‍ തെളിയിച്ച സുസുകോ കോബായാഷി എന്ന അധ്യാപകന് പ്രിയ ശിഷ്യ തെബുകോ കുറോയാനാഗി കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് സമര്‍പ്പിച്ച ഗുരുദക്ഷിണയാണ് നാടകത്തിന്‍െറ ഇതിവൃത്തം. കഴിഞ്ഞ ഒന്നരമാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് നാടകം അരങ്ങിലത്തെിയത്. ചില്‍ഡ്രന്‍സ് തിയറ്റര്‍ കണ്‍വീനറും നാടകനടനും സംവിധായകനുമായ ജിക്കു ചാക്കോയാണ് നാടകം സംവിധാനം ചെയ്തത്. നിരവധി കുട്ടികളുടെ നാടകങ്ങള്‍ സമാജത്തില്‍ അവതരിപ്പിച്ചിട്ടുള്ള ജിക്കുചാക്കോ കഴിഞ്ഞ വര്‍ഷം 160ഓളം കുട്ടികളെ കൊണ്ട് ‘ബൊമ്മന ഹള്ളിയിലെ കിന്നരയോഗി’ എന്ന നാടകം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. അവഗണിക്കപ്പെട്ട കുട്ടികളെ ഉയരങ്ങളിലേക്ക് നയിച്ച് അശരണര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ് ഈ നാടകത്തിലെ കഥയും കഥാപാത്രങ്ങളും. കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന മുഹൂര്‍ത്തങ്ങള്‍ നാടകത്തിലുടനീളമുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഒരവബോധമെന്ന നിലയില്‍ നാടകം ഏറെ ശ്രദ്ധേയമായി. നിറഞ്ഞ സദസ്സായിരുന്നു നാടകം കാണാനത്തെിയത്.

No comments:

Pages