ബി.കെ.എസ് കായികമേള: പേള്‍ വൈറ്റിന് കിരീടം - Bahrain Keraleeya Samajam

Breaking

Monday, February 25, 2013

ബി.കെ.എസ് കായികമേള: പേള്‍ വൈറ്റിന് കിരീടം

മൂന്നു ദിവസങ്ങളിലായി 850 ഓളം പേര്‍ പങ്കെടുത്ത ബഹ്റൈന്‍ കേരളീയ സമാജം കായിക മാമാങ്കത്തിന് കൊടിയിറങ്ങിയപ്പോള്‍ 164 പോയന്‍റ് നേടി പേള്‍വൈറ്റ് ഓവറോള്‍ ചാമ്പ്യന്മാരായി. 101 പോയന്‍റ് നേടി റൂബി റെഡ് രണ്ടാം സ്ഥാനത്തെത്തി. അഞ്ച് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ കായിക മല്‍സരങ്ങളായിരുന്നു മൂന്നു ദിവസങ്ങളിലായി നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവെച്ചിരുന്ന കായിക മല്‍സരത്തിന് വീണ്ടും സമാജം വേദിയൊരുക്കുകവഴി നിരവധി കായികതാരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മല്‍സരയിനങ്ങളും പ്രായഭേദമന്യേ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ 40 വയസ്സിന് മുകളിലും താഴെയുമായി രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിച്ചത്. വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായികമേള ആരംഭിച്ചത്. റെഡ്, വൈറ്റ്, ഗ്രീന്‍, വയലറ്റ്, ബ്ളൂ എന്നീ ഗ്രൂപ്പുകളുടെ ടീമംഗങ്ങള്‍ ജേഴ്സികളണിഞ്ഞ് ഏഷ്യന്‍ സ്കൂളിന്‍െറ ബാന്‍ഡ് സെറ്റ് ടീമിന്‍െറ പിന്നില്‍ അണിനിരന്ന് നടത്തിയ മാര്‍ച്ച് പാസ്റ്റില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള സല്യൂട്ട് സ്വീകരിച്ചു. കായിക താരങ്ങള്‍ക്കൊപ്പം വളണ്ടിയര്‍മാരും അണിനിരന്നു. എല്ലാവരെയും സാക്ഷിനിര്‍ത്തി കായികമേളയുടെ പതാക ഉയര്‍ത്തിക്കൊണ്ട് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ആശംസകള്‍ നേര്‍ന്നു. അഞ്ച് ഹൗസുകളിലായി തിരിഞ്ഞ് പ്രവാസി മലയാളി കായികതാരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. കുട്ടികളും മുതിര്‍ന്നവരുമായ താരങ്ങള്‍ ആവേശപൂര്‍വം ട്രാക്കില്‍ വേഗതയുടെ കിരീടം നേടാന്‍ മല്‍സരിച്ചു. വെയിലിനെ തോല്‍പിച്ച് ആവേശത്തിരയിളക്കത്തോടെ അത്യന്തം വീറും വാശിയും നിറഞ്ഞ മല്‍സരങ്ങള്‍ വൈകീട്ട് ഏഴു മണിവരെ നീണ്ടു. 100 മീറ്റര്‍, 50 മീറ്റര്‍, 400 മീറ്റര്‍, 500 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മല്‍സരങ്ങളില്‍ സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച പങ്കാളിത്തമാണുണ്ടായത്. ലോങ്ജംപ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലും വാശിയേറിയ മല്‍സരം നടന്നു. 500 മീറ്റര്‍ ഓടി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ആര്യലക്ഷ്മി ശ്രീകുമാറിന് കാണികള്‍ ആശംസകള്‍ ചൊരിഞ്ഞു. ഒപ്പം മറ്റ് ഇനങ്ങളായ 50 മീറ്ററില്‍ നവനീത് നടരാജ്, മൊഹമ്മദ് സെയിന്‍, രാഹുല്‍നാഥ്, 1500 മീറ്റര്‍: പുരമ്പാരില്‍ ഫൈസല്‍, പോള്‍ ജോസ്, നജീബ്, 1500 മീറ്റര്‍: റിലെ സിജി വര്‍ഗീസ്, സാന്‍ഡി മാത്യു, ദിനേശ്, ലോങ് ജംപ്: ബാബു, ഷാനില്‍, ജയകുമാര്‍, ഷോട്ട്പുട്ട്: ദിലീപ്, ജയകുമാര്‍, മാത്യു പോള്‍ എന്നിവരും വിജയികളായി. സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായവര്‍ക്കൊപ്പം കായികമേളയുടെ വിജയത്തിനുവേണ്ടി 50ഓളം കോ-ഓര്‍ഡിനേറ്റര്‍മാരാണ് പ്രവര്‍ത്തിച്ചത്. കാലത്ത് എട്ടുമണിമുതല്‍ ഗ്രൗണ്ടില്‍ വര്‍ണരാചികള്‍ വിരിഞ്ഞ തരത്തില്‍ എല്ലാവരും ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞാണ് എത്തിയത്. എല്ലാ വിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. വൈവിധ്യമാര്‍ന്ന കലാമല്‍സരങ്ങള്‍ നടത്തിയതിലൂടെ സമാജം അംഗങ്ങളുടെ മനസ്സുകളിലേക്ക് ഉണര്‍വിന്‍െറയും ഉന്മേഷത്തിന്‍െറയും നിമിഷങ്ങളാണ് മല്‍സരവേദികളില്‍ കാണാന്‍ കഴിഞ്ഞത്. ജനറല്‍ കണ്‍വീനര്‍ സജുകുമാറാണ് മല്‍സരത്തിന് നേതൃത്വം നല്‍കിയത്. - See more at: http://www.madhyamam.com/news/214866/130225#sthash.mcR1WZKL.dpuf

No comments:

Pages