ഇനി നാടക രാവുകള്‍... - Bahrain Keraleeya Samajam

Breaking

Sunday, February 10, 2013

ഇനി നാടക രാവുകള്‍...

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഫ. നരേന്ദ്ര പ്രസാദ് സ്മാരക നാടക മത്സരത്തിന് ഇന്ന് തിരശ്ശീല ഉയരും. ഒട്ടനവധി നാടക പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി നാടകാവതരണങ്ങള്‍ക്കും സാക്ഷികളായ ബഹ്റൈനിലെ നാടക പ്രവര്‍ത്തകര്‍ക്ക് അടുത്ത വ്യാഴാഴ്ച വരെ ഇനി നാടകാസ്വാദനത്തിന്‍െറ വേറിട്ട രാവുകളാണ്. അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് ഇത്തവണ മത്സരത്തിന് എത്തുന്നത്. നൂറോളം നാടക പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടു മാസക്കാലത്തോളം നടത്തിയ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് ഏഴു നാടകങ്ങള്‍ അരങ്ങിലെത്തുന്നത്. 30 മുതല്‍ അമ്പതു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക. പ്രവേശം സൗജന്യമാണ്. മികച്ച നാടകാവതരണം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും. ഇതോടൊപ്പം ബാലതാരം, പശ്ചാത്തല സംഗീതം, ചമയം, പ്രകാശ നിയന്ത്രണം, രംഗ സജീകരണം എന്നിവക്കും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടില്‍നിന്നുള്ള നാടക രംഗത്തെ വിദഗ്ധരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. ജ്യുറിയുടെ പ്രത്യേക പരാമര്‍ശം നേടുന്ന സമാജം അംഗങ്ങളായ നാടക രചയിതാക്കളെയും ആദരിക്കും. ഉദ്ഘാടന ദിവസമായ ഞായറാഴ്ച രാത്രി 8.30ന് മിജോഷ് മൊറാഴയുടെ ബ്ളാങ്കറ്റ് എന്ന നാടകമാണ് അവതരിപ്പിക്കുക. തിങ്കളാഴ്ച രാത്രി എട്ടിന് ഷാജഹാന്‍ പത്തനാപുരത്തിന്‍െറ ഉടല്‍ മുറിവുകള്‍ എന്ന നാടകവും ഒമ്പതിന് സുജിത് കുമാറിന്‍െറ സമയവും അരങ്ങേറും. ചൊവ്വാഴ്ച രാത്രി എട്ടിന് ജോസ് ആന്‍റണിയുടെ നിര്‍മാല്യവും ഒമ്പതിന് കെ. വി. പ്രകാശന്‍െറ ഒഴിവുകാലത്തെ കളിയും വേദിയിലെത്തും. ബുധനാഴ്ച രാത്രി എട്ടിന് ഉമ്മര്‍ കൊയിലില്‍ ഒരുക്കുന്ന ഭാരത പുരിയിലെ പെണ്‍ ചന്തയും ഒമ്പതിന് കെ.ആര്‍. ചന്ദ്രന്‍െറ മരുഭൂമിയിലെ ഇലകളുമാണ് മത്സരത്തിന് എത്തുന്നത്. വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് മത്സരത്തിന്‍െറ ഫലപ്രഖ്യാപനവും സമ്മാന വിതരണവും നടക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലം നിരവധി നാടക പ്രവര്‍ത്തനങ്ങളാണ് സമാജത്തില്‍ നടന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. അശ്വമേധം, ടപ്പുവിന്‍െറ ആര്‍ച്ച, ചോരണ കൂര, കനലാട്ടം തുടങ്ങിയ നാടകങ്ങളും ദരിദ്ര വാസി, ബൊമ്മനഹള്ളിയിലെ കിന്നര യോഗി തുടങ്ങിയ കുട്ടികളുടെ നാടകങ്ങളും സമാജത്തില്‍ അരങ്ങേറി. ഇതോടൊപ്പം പ്രമുഖ നാടക സംവിധായകന്‍ മനോജ് നാരായണന്‍െറ നേതൃത്വത്തില്‍ നടന്ന നാടക പരിശീലന കളരിയും കാവാലം നാരായണപ്പണിക്കര്‍ അണിയിച്ചൊരുക്കിയ ഭഗവദജ്ജുകം എന്ന സംസ്കൃത നാടകവും വേറിട്ട് നിന്നു. നൂറോളം കുട്ടികളാണ് പോയ വര്‍ഷം വിവിധ നാടകങ്ങളിലൂടെ സമാജം അരങ്ങില്‍ എത്തിയത്. നാട്ടിലെ നാടക പ്രവര്‍ത്തകരെ ആദരിക്കുന്നതിന്‍െറ ഭാഗമായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭരത് മുരളി സ്മാരക നാടക പുരസ്കാരം കഴിഞ്ഞാഴ്ച തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രശസ്ത നടി കുട്ട്യേടത്തി വിലാസിനിക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടക മത്സരവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091), സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത് (36044417) എന്നിവരുമായി ബന്ധപ്പെടണം.

No comments:

Pages