പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും - Bahrain Keraleeya Samajam

Breaking

Friday, June 8, 2018

പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും





ബി. കെ. എസ്സ് . വായനാശാലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ
പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും *
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന ശ്രീ. പി. എൻ. പണിക്കർ അനുസ്മരണവും വായന ദിനാചരണവും ബഹ്‌റൈൻ കേരളീയ സമാജം വായനശാലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുൻവർഷത്തെപ്പോലെ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചതായി പ്രസിഡൻറ് ശ്രീ.പി.വി. രാധാകൃഷ്ണപിള്ളയും, ജന.സെക്രട്ടറി ശ്രീ. എം.പി.രഘുവും അറിയിച്ചു. ജൂൺ 18, 19 തിയ്യതികളിലായാണ് പരിപാടികൾ നടത്തുന്നത്. ലൈബ്രേറിയൻ - ശ്രീ. അനു തോമസ് ജോൺ, വായനശാല കൺവീനർ - ശ്രീ. ആഷ്ലി കുരിയൻ, വായനാദിനം കൺവീനർ - ശ്രീ. സുമേഷ് മണിമേൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വായനാശീലം വളർത്തുക എന്ന ഉത്തമ ലക്ഷ്യത്തോടെ വിവിധ മത്സര പരിപാടികളും, പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും സമാജത്തിൽ അരങ്ങേറുന്നു. പരിപാടികളുടെ ഭംഗിയായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കഥാപരിചയം (5, 6, 7 ക്‌ളാസ്സ്‌ വിദ്യാർത്ഥികൾക്ക്), സാഹിത്യകാരപരിചയം (8 , 9 , 10 ക്‌ളാസ്സ്‌ വിദ്യാർത്ഥികൾക്ക്), പത്രപാരായണം (ഇരു ഗ്രൂപ്പുകൾക്കും) എന്നീ മത്സരങ്ങളാണ് വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തപ്പെടുന്നത്.
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വായനാശീലവും സാഹിത്യാഭിരുചിയും പ്രോത്സാഹിപ്പിക്കാനായി ഈ വർഷം വായനശാല പുതിയതായി അവതരിപ്പിക്കുന്ന 'ഫാമിലി സാഹിത്യ ക്വിസ്സ്' മത്സരം ആണ്‌ പരിപാടിയുടെ മറ്റൊരാകർഷണം. സമാജം വായനാശാല വിഭാഗം ബി. കെ. എസ്സ്. ക്വിസ്സ് ക്ലബ്ബുമായി കൈകോർത്താണ് ഈപരിപാടി അവതരിപ്പിക്കുന്നത്. രണ്ടു റൗണ്ടുകളിലായി നടത്തപെടുന്ന പ്രസ്തുത മത്സരത്തിലെ പ്രാഥമിക ഘട്ടം എഴുത്തു പരീക്ഷയാണ്. എഴുത്തുപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 5 ടീമുകൾ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഒരു ടീമിൽ പരമാവധി 3 അംഗങ്ങൾ (ഒരു കുടുംബത്തിൽ നിന്ന് തന്നെ) വരെ ആകാം. ഒരു രക്ഷിതാവും ഒരു കുട്ടിയും നിർബന്ധമായും ടീമിൽ ഉണ്ടാകേണ്ടതാണ്. മലയാള സാഹിത്യം, ബാല സാഹിത്യം, ആഗോള സാഹിത്യം എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ തയ്യാറാക്കുക. എല്ലാ മത്സരങ്ങളിലെയും വിജയികൾക്ക് ജൂൺ 19ന് നടക്കുന്ന ചടങ്ങിൽ വച്ച് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ സമാജം വായനശാലയിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വായനാദിനം കൺവീനർ സുമേഷ് മണിമേൽ (39131926) മായി ബന്ധപ്പെടാവുന്നതാണ്.

No comments:

Pages