ബജറ്റ്: മന്ത്രി തോമസ് ഐസകുമായുള്ള ഓണ്‍ലൈന്‍ അഭിമുഖം ശ്രദ്ധേയമായി - Bahrain Keraleeya Samajam

Breaking

Saturday, July 16, 2016

ബജറ്റ്: മന്ത്രി തോമസ് ഐസകുമായുള്ള ഓണ്‍ലൈന്‍ അഭിമുഖം ശ്രദ്ധേയമായി

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റിന്‍െറ പശ്ചാത്തലത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിലെ പ്രസംഗവേദി സംഘടിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസകുമായുള്ള ഓണ്‍ലൈന്‍ മുഖാമുഖം ശ്രദ്ധേയമായി. ചോദ്യോത്തര വേള ഒന്നര മണിക്കൂര്‍ നീണ്ടു. സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ. വീരമണി, സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, ജോയി വെട്ടിയാടന്‍ (കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൃത്യം7.30ന് തന്നെ മന്ത്രി ഓണ്‍ലൈനില്‍ എത്തി. പാര്‍ശ്വവത്കൃത വിഭാഗങ്ങളോടുള്ള പ്രതിബദ്ധതയും സാമൂഹിക നീതിയും വികസന-പുനരധിവാസങ്ങള്‍ക്ക് മാനുഷിക മുഖവും നല്‍കുന്ന ജനക്ഷേമകരമായ ബജറ്റായിരിക്കും ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് മന്ത്രി ആമുഖപ്രസംഗത്തില്‍ പറഞ്ഞു. താറുമാറായി കിടക്കുന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ അടങ്ങിയ ബജറ്റാണ് അവതരിപ്പിച്ചത്. പ്രവാസികളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സോമന്‍ ബേബി, വര്‍ഗീസ് കാരക്കല്‍, ഇ.എ. സലിം, സി.വി. നാരായണന്‍, അജിത് മാത്തൂര്‍, കെ.സി. ഫിലിപ്പ്, ഡി. സലിം, അജിത്, സന്തോഷ്, പി.ടി. തോമസ്, കെ.ടി. സലീം തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗള്‍ഫില്‍നിന്നും തിരിച്ചുപോകുന്നവരുടെ തൊഴില്‍ പരിചയം ഉപയോഗപ്പെടുത്താന്‍ പദ്ധതി, പ്രവാസികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി നിര്‍ദേശിച്ചു. ‘നോര്‍ക’ക്ക് അനുവദിച്ച തുക കുറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. നോര്‍കക്ക് അനുവദിച്ച തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കാലാനുസൃതമായി കൂടുതല്‍ തുക വകകൊള്ളിക്കുമെന്നും മന്ത്രി മറുപടി നല്‍കി.പ്രതിശീര്‍ഷ വരുമാനം മെച്ചപ്പെടുത്താനും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുവാനും എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്ന് മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ ചോദിച്ചു. പ്രവാസികള്‍ നിക്ഷേപ-സംരംഭ മേഖലകളിലേക്ക് വരണമെന്ന് മന്ത്രി പറഞ്ഞു. പ്രവാസികളുടെ പണം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. പണം ബാങ്കില്‍ നിക്ഷേപിച്ചതു കൊണ്ട് വികസനം ഉണ്ടാകില്ല. വ്യവസായരംഗത്തെ നിക്ഷേപം സംസ്ഥാനത്തിനാകെ ഗുണകരമാകും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാര്‍ഷിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അജിത് മാത്തൂര്‍ ചോദ്യമുന്നയിച്ചു. ഭക്ഷ്യസുരക്ഷക്കും പരിസ്ഥിതി സന്തുലനത്തിനും മികച്ച പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബജറ്റ് നിര്‍ദേശങ്ങളെ ‘പ്രതിഭ’ നേതാവ് സി.വി. നാരായണന്‍ സ്വാഗതം ചെയ്തു. പാവപ്പെട്ട പ്രവാസികളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിഭാവനം ചെയ്യുന്നതുപോലെ ജനങ്ങളുടെ ക്ഷേമത്തിനും പ്രവാസികളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓഡിറ്റിങ്ങിനെപ്പറ്റി ഫിനാന്‍സ് പ്രഫഷണലായ സന്തോഷ് ചോദ്യമുന്നയിച്ചു. യുദ്ധകാലാടിസ്ഥാനില്‍ തന്നെ മികച്ച രീതിയിലുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കുമെന്നും സാങ്കേതികരംഗത്ത് വന്‍ കുതിപ്പ് സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനകം കേരളം വേറിട്ട സംസ്ഥാനമായി മാറിയിരിക്കും. ഏതൊരു സാധാരണക്കാരനും വികസനത്തിന്‍െറ ഫലം നേടാന്‍ കഴിയുമെന്നും ചര്‍ച്ചക്കൊടുവില്‍ മന്ത്രി പറഞ്ഞു. സാങ്കേതികസഹായം നല്‍കിയ അനില്‍, കൃഷ്ണകുമാര്‍, നൗഷാദ്, ശ്രീജിത്, മുസ്തഫ എന്നിവര്‍ക്കും മന്ത്രിയുടെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറി മനോമോഹന്‍, അജിത്കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, ടി.കെ. സതീശന്‍ എന്നിവര്‍ക്കും കണ്‍വീനര്‍ ജോയി നന്ദി പറഞ്ഞു. ഹരികൃഷ്ണന്‍ മുഖാമുഖം നിയന്ത്രിച്ചു.

No comments:

Pages