കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍ - Bahrain Keraleeya Samajam

Breaking

Saturday, April 13, 2013

കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍



വിധുപ്രതാപും അനിതയും ഒരുക്കിയ സംഗീത വിരുന്നിന്‍െറ അകമ്പടിയോടെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ കേരളീയ സമാജത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റിയിലെ സാധാരണക്കാരിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. സമാജം എക്കാലവും അതിന്‍െറ പ്രവര്‍ത്തനങ്ങളില്‍ നിലവാരം കാത്തുസൂക്ഷിച്ചിട്ടുണ്ട്. നല്ല നിലവാരത്തോടെ തന്നെ മുന്നോട്ട് കുതിക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജം മലയാളം പാഠശാലക്ക് മലയാളം മിഷന്‍െറ അംഗീകാരം ലഭിച്ചതായ സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് സമാജത്തിന് പുതിയ പൊന്‍തൂവലാണെന്ന് അധ്യക്ഷത വഹിച്ച പുതിയ പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാജം മുന്നോട്ട് പോകുമെന്നും ഇതിന് സര്‍വരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശ മലയാളികളുടെ വികസന മോഡലാണ് ബഹ്റൈന്‍ കേരളീയ സമാജമെന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പറഞ്ഞു. സമാജത്തിന്‍െറ നേട്ടങ്ങള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെതല്ല. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സമാജത്തിന്‍െറ യശസ് രാജ്യാതിര്‍ത്തികള്‍ കടത്തിയത്. സമാജത്തിന്‍െറ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കാന്‍ പ്രതിലോമ ശക്തികള്‍ എത്ര ശ്രമിച്ചാലും നടക്കില്ലെന്ന് ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണത്തോടെ സമൂഹത്തിന് ബോധ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിന്‍സ് നടരാജന്‍ സ്വാഗതം പറഞ്ഞു. സമാജം അംഗങ്ങളുടെ ഫ്യൂഷന്‍ കാര്‍ണിവെല്‍ പരിപാടിയുമുണ്ടായിരുന്നു.



No comments:

Pages