ഒന്നര മാസത്തിനിടെ ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം കേട്ട ഏറ്റവും ആശ്വാസദായകമായ വാക്കും ശബ്ദവുമായിരുന്നു വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ആല്‍ ഖലീഫയുടേത്. ''നിങ്ങളെ കാണുകയെന്നതും നിങ്ങളുടെ ആശങ്കള്‍ കേള്‍ക്കേണ്ടതും നിങ്ങള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതും ഞങ്ങളുടെ ചുമതലയാണ്. ബഹ്‌റൈന്‍ ഇന്ത്യക്കാരുടെ രണ്ടാം രാജ്യമല്ല, സ്വന്തം രാജ്യം തന്നെയാണ്. വര്‍ഷങ്ങളായി നിങ്ങളിവിടെ ജീവിക്കുന്നു. ഈ രാജ്യത്തെ സേവിക്കുന്നു. അതുകൊണ്ട് നിങ്ങളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്''; അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് കേരളീയ സമാജത്തില്‍ കൂടിയ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്.
'ഈ പ്രശ്‌നം ഞങ്ങളുടേതും നിങ്ങളുടേതുമല്ല, നമ്മുടേതാണ്. നമ്മുടെ പൂര്‍വികരെപ്പോലെ നമ്മളും ഇവിടെ ഒരുമിച്ചുവളര്‍ന്നു. എന്റെ പിതാവിനും മുമ്പുള്ള തലമുറയുടെ കാലം മുതലുള്ള ബന്ധമാണിത്. ഇപ്പോള്‍ നാം ഇവിടെ ഒരുമിച്ചുകഴിയുന്നു. നമ്മുടെ ജീവിതവും ഭാഗധേയവും ഭാവിയും ഈ മണ്ണിലാണ് അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. നാളെ നമ്മുടെ മക്കള്‍ ഈ രാജ്യത്തിനുവേണ്ടി ജീവിക്കേണ്ടവരാണ്'; അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാരത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 200 വര്‍ഷമായി, ഒരു വ്യാപാര കരാര്‍ പോലുമില്ലാതെ നമ്മള്‍ കച്ചവടം ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ മാത്രം പിന്‍ബലത്തില്‍.
ബഹ്‌റൈന്‍ വിഷമകരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മുമ്പും നമുക്ക് വിഷമതകളുണ്ടായിട്ടുണ്ട്. അന്നത്തെപ്പോലെ തന്നെ ഇപ്പോഴും നാം ഇതെല്ലാം തരണം ചെയ്യും. അറബ് ലോകം പരിവര്‍ത്തനത്തിന്റെ കാലമാണ് പിന്നിടുന്നത്. അത് നല്ലതാണ്. പക്ഷേ, അത് അക്രമത്തിലേക്കുതിരിയുന്നതും ജീവന് ഭീഷണിയാകുന്നതും സ്വീകാര്യമല്ല. വിദേശ സമൂഹം ഭയത്തില്‍ കഴിയുന്നതും ആക്രമിക്കപ്പെടുന്നതും ഹൃദയഭേദകമാണ്. ഇത് ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. എവിടെയും കഴിയുന്ന ഏതു മനുഷ്യന്റെയും ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ് സുരക്ഷയെന്നും അതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം ഉറപ്പുനല്‍കി. ഇത് ഹമദ് രാജാവും പ്രധാനമന്ത്രിയും നല്‍കുന്ന ഉറപ്പുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിയുടെ തുടക്കം മുതലുള്ള സംഭവവികാസങ്ങളും ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ജീവന്‍ സംരക്ഷിക്കാനെടുത്ത നടപടികളും വിദേശകാര്യമന്ത്രി വിശദീകരിച്ചു.
പരിഷ്‌കാരത്തിനുവേണ്ടിയുള്ള ആവശ്യം ബഹ്‌റൈനെ സംബന്ധിച്ച് പുതിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി രാഷ്ട്രീയ സംവാദത്തിലൂടെയാണ് ഈ ആവശ്യങ്ങള്‍ രാജ്യം നിറവേറ്റുന്നത്. നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഇത്തരം സമവായത്തിലൂടെയാണ് രാജ്യം കൈവരിച്ചത്.
തുടക്കം മുതല്‍ ആരുടെയും ഒരുതുള്ളി ചോര വീഴരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ തുടക്കത്തില്‍ സേനയെ പിന്‍വലിച്ചു. ഒരു മാസത്തോളം കിരീടാവകാശി സംവാദത്തിനുവേണ്ടി കാത്തിരുന്നു. ഈ സമയത്ത് വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നു. താനും അതിലെല്ലാം പങ്കാളിയായിരുന്നുവെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.
എന്നാല്‍, ഈ ശ്രമങ്ങളെയെല്ലാം പാഴാക്കി യുക്തിക്കുനിരക്കാത്ത കുറെ ആവശ്യങ്ങള്‍ മുന്നോട്ടുവക്കപ്പെട്ടു. സംഘര്‍ഷവും അക്രമവും തുടങ്ങി. ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ബംഗ്ലാദേശുകാരും ഫിലിപ്പീന്‍സുകാരും ആക്രമിക്കപ്പെട്ടു, അവരില്‍ ഭയം വിതറി. ആയിരക്കണക്കിന് വര്‍ഷങ്ങളായി, മെസപ്പൊട്ടോമിയന്‍- സിന്ധു നദീതട നാഗരികതകളുടെ കാലം മുതല്‍ ഒന്നിച്ചുകഴിയുന്ന ചരിത്രമുള്ള ജനതയെ സംബന്ധിച്ച് ഇത് അപ്രതീക്ഷിതമായിരുന്നു.
മനാമയിലും സിത്രയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും നിയമവാഴ്ച വെല്ലുവിളിക്കപ്പെട്ടപ്പോഴാണ് പൊലീസിനോടൊപ്പം നാഷനല്‍ ഗാര്‍ഡിന്റെയും പൊതുസുരക്ഷാസേനയുടെയും ബി.ഡി.എഫിന്റെയും സഹായം തേടിയത്. ദിവസങ്ങള്‍ക്കകം സമാധാനം പുനഃസ്ഥാപിച്ചു.
ജി.സി.സി സൈന്യത്തെ നിങ്ങള്‍ക്ക് പൊലീസിനൊപ്പം കാണാന്‍ കഴിയില്ല. ചില പ്രധാന സ്ഥാനങ്ങളില്‍ സുരക്ഷക്കുവേണ്ടി മാത്രമാണ് അവരെ വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല, പട്ടാളഭരണം ഏര്‍പ്പെടുത്തിയെന്ന പ്രചാരണവും തെറ്റാണ്. ദേശ സുരക്ഷാനിയമമാണ് നിലവിലുള്ളത്. ഭരണഘടനയോ നിയമങ്ങളോ റദ്ദാക്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
'ഈ ഹാള്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടത് ഞാനോര്‍ക്കുന്നു. പക്ഷേ, തിരക്കുമൂലം അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ ആദ്യമായാണ് വരുന്നത്, ഇതുപക്ഷേ, അവസാനത്തേതാകില്ല', കേരളീയ സമാജം ഓഡിറ്റോറിയത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു
Monday, March 28, 2011
ബഹ്‌റൈന്‍ നിങ്ങളുടെ രണ്ടാം രാജ്യമല്ല, സ്വന്തം രാജ്യം
Tags
# സമാജം ഭരണ സമിതി 2010
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2010
Tags:
സമാജം ഭരണ സമിതി 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment