കേരളീയ മേളകലയിലെ പ്രമുഖര്‍ എത്തും - Bahrain Keraleeya Samajam

Breaking

Wednesday, October 5, 2016

കേരളീയ മേളകലയിലെ പ്രമുഖര്‍ എത്തും

കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
പ്രവാസ ലോകത്ത് കേരളീയ മേളകലയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജവും ബഹ്റൈനിലെ മലയാളി വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ ‘സോപാനം വാദ്യകലാസംഘവും’ ചേര്‍ന്ന് രണ്ടു ദിവസം നീളുന്ന മേളോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20,21 തിയതികളില്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. തൃശൂര്‍ പൂരത്തിലെ ‘ഇലഞ്ഞിത്തറമേള’ത്തിന് ഉള്‍പ്പെടെ നേതൃത്വം വഹിക്കുന്ന പെരുവനത്തിന്‍െറ സാന്നിധ്യം പ്രവാസികള്‍ക്ക് ആഹ്ളാദകരമായ അനുഭവമാകും. കേരളത്തില്‍ നിന്ന് 35ഓളം വാദ്യകലാകാരന്‍മാര്‍ പെരുവനത്തോടൊപ്പം ചേരും. ബഹ്റൈനില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഉള്‍പ്പെടെ 135ഓളം പേര്‍ ഒരുമിച്ചാണ് മേളോത്സവം നടത്തുക. ഇന്ത്യക്ക് പുറത്ത് ഇത്രയും പേര്‍ അണിനിരക്കുന്ന കേരളീയ മേളകലാവിരുന്ന് ഇത് ആദ്യമാണെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേളിക്കൈ, സോപാനം, പാണ്ടിമേളം, പഞ്ചവാദ്യം, ഇരട്ട തായമ്പക, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവയും ശതപഞ്ചാരിമേളവുമാണ് പ്രധാന പരിപാടികള്‍. ഒക്ടോബര്‍ 20ന് വൈകീട്ട് 7.30ന് സദനം വാസുദേവനും ചെറുതാഴം ഗോപാലകൃഷ്ണനും ചേര്‍ന്ന് കേളിക്കൈ അവതരിപ്പിക്കും. തുടര്‍ന്ന് അമ്പലപ്പുഴ ശരത്തിന്‍െറയും സന്തോഷ് കൈലാസിന്‍െറയും നേതൃത്വത്തില്‍ സോപാന സംഗീതം അവതരിപ്പിക്കും. 8.45നാണ് പാണ്ടിമേളം. ഇതിന് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 21ന് കാലത്ത് നടക്കുന്ന പഞ്ചവാദ്യത്തിന് കാഞ്ഞിലശ്ശേരി പത്മനാഭന്‍ നേതൃത്വം നല്‍കും. വൈകീട്ട് ഇരട്ട തായമ്പക സദനം രാജേഷ്, കാഞ്ഞിലശ്ശേരി റിജില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക. കൊമ്പുപറ്റ് മച്ചാട് സുബ്രഹ്മണ്യനും സംഘവും കുഴല്‍പറ്റ് കീഴൂട്ട് നന്ദനും സംഘവും അവതരിപ്പിക്കും. 101 നര്‍ത്തകിമാരുടെ നേതൃത്വത്തില്‍ ‘ഗുരുവന്ദനം’ നൃത്തപൂജ നടക്കും. ഭരത്ശ്രീ രാധാകൃഷ്ണനാണ് ഇത് ഒരുക്കുന്നത്. രാത്രി എട്ടിന് നടക്കുന്ന ശതപഞ്ചാരി മേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. പരിപാടിയോടനുബന്ധിച്ച് സോപാനം വാദ്യകലാസംഘത്തിന്‍െറ പ്രഥമ ‘തൗര്യത്രികം’ വാദ്യകലാ പുരസ്കാരം സദനം വാസുദേവന് സമര്‍പ്പിക്കും. 50001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി, ജന.കണ്‍വീനര്‍ എം.പി.രഘു, സന്തോഷ് കൈലാസ് (സോപാനം വാദ്യകലാസംഘം), ദേവദാസ് കുന്നത്ത്, മനോഹരന്‍ പാവറട്ടി, സിറാജ് കൊട്ടാരക്കര, അജിത് മാത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Pages