സമാജം ആസ്ഥാനമന്ദിരം ഉദ്ഘാടനം 30ന്‌ - Bahrain Keraleeya Samajam

Breaking

Thursday, August 21, 2008

സമാജം ആസ്ഥാനമന്ദിരം ഉദ്ഘാടനം 30ന്‌



ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ തങ്ങളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞതിന്റെ നിര്‍വൃതിയിലാണ്. ഏഴു ലക്ഷം ദിനാര്‍ (എട്ടു കോടിരൂപ) ചെലവില്‍ സെഗയ്യയയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മന്ദിരം ഈ മാസം 30ന് (30.08.2008) കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഗള്‍ഫ് മലയാളികള്‍ക്കുതന്നെ അഭിമാനമായി മാറും ഈ മന്ദിരം. ഇത്ര ബൃഹത്തായ ഒരു മന്ദിരം ഗള്‍ഫില്‍ത്തന്നെ മറ്റൊരു മലയാളി സംഘടനയ്ക്കുമില്ലെന്നാണ് തങ്ങളുടെ അറിവെന്ന് ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെട്ടിടനിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. മുപ്പതാംതീയതി വൈകിട്ട് 7.30ന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ രവിയെക്കൂടാതെ ബഹ്‌റൈന്‍ സാമൂഹ്യവികസന വകുപ്പുമന്ത്രി ഡോ. ഫാത്തിമാ അല്‍ ബലൂഷി, കേരളത്തിലെ മന്ത്രിമാരായ എം.എ. ബേബി, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.2005 ജൂണ്‍ 27നാണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. 6,500 ചതുരശ്രമീറ്ററിലുള്ള സ്ഥലത്ത് 2,500 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 200 കാറുകള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യമുണ്ട്. ഹാളിനകത്ത് 1800 പേര്‍ക്ക് ഇരിക്കാനാകും. ആറ് മിനി കോണ്‍ഫറന്‍സ് ഹാളുകളുണ്ട്. ഇതില്‍ നാലെണ്ണവും സമാജത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യവസായികളായ ഡോ.രവി പിള്ള, എം.എ. യൂസഫലി, ബി.ആര്‍. ഷെട്ടി, ദേവ്ജി എന്നിവരുടെ പേരുകളിലായിരിക്കും അറിയപ്പെടുക. മാസത്തിലൊരിക്കല്‍ സ്വദേശീയരുടെ ഏതെങ്കിലും ഒരു പരിപാടിക്ക് ഹാള്‍ സൗജന്യമായി നല്‍കും. എന്നാല്‍ ഇത് സ്ഥലം മുനിസിപ്പല്‍ കൗണ്‍സിലറുടെ കത്തുള്ളവര്‍ക്കു മാത്രമായിരിക്കും. 60 ദിവസത്തെ ആഘോഷപരിപാടികളില്‍ സാഹിത്യകാരന്‍ സഖറിയ, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. കെ.എസ്. രവികുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. മലയാളികളും അല്ലാത്തവരുമായ നിരവധി വ്യവസായികള്‍ സമാജം കെട്ടിട നിര്‍മ്മാണഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പ്രമുഖ വ്യവസായിയും സൗദി അറേബ്യ ആസ്ഥാനമായുള്ള അല്‍ ഹജ്‌രി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഡോ. രവി പിള്ള 40,000 ദിനാറും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി 35,000 ദിനാറും യു.എ.ഇ. വ്യവസായി ബി.ആര്‍. ഷെട്ടി 25,000 ദിനാറും സംഭാവന ചെയ്തു. യു.എ.ഇ., ഒമാന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള നിരവധി വ്യവസായികളും സമാജം ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച സമാജത്തില്‍ ഇപ്പോള്‍ 1400 അംഗങ്ങളുണ്ട്. 4000 ത്തോളം പുസ്തകങ്ങളുള്ള ഇവിടത്തെ ലൈബ്രറി വളരെ പ്രശസ്തമാണ്. വാര്‍ത്താസമ്മേളനത്തില്‍ സമാജം ഭാരവാഹികളായ മധു മാധവന്‍, വര്‍ഗീസ് കാരക്കല്‍, പി.വി.മോഹന്‍കുമാര്‍, സി.സോമരാജന്‍ തുടങ്ങിയവരും പങ്കെടുത്തു.

No comments:

Pages