Pages

Friday, April 30, 2010

ഈസ്റ്റര്‍ ,വിഷു, മെയ്ദിന ആഘോഷ പരിപാടികള്‍

ബഹറിന്‍ കേര ളീയ സമാജം ഈസ്റ്റര്‍ വിഷു, മെയ്ദിന ആഘോഷ പരിപാടികള്‍ 1.05.2010 വെള്ളിയാഴ്ച്ച 8.00 സമാജം ഡയമഡ് ജൂബിലി ഹാളില്‍ നടക്കുന്നു എവര്‍ക്കും സ്വാഗതം

സമാജം ബാലകലോല്‍സവം: രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും

കേരളീയ സമാജം ബാലകലോല്‍സവത്തിന്റെ വ്യക്തിഗത ഇനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കും. പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്ന് രാത്രി പത്തിനകം സമാജത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി അഭ്യര്‍ഥിച്ചു.
ബഹ്റൈനിലെ ഏതു മലയാളി കുട്ടികള്‍ക്കും മല്‍സരിക്കാം. സ്റ്റേജ് ഇനങ്ങളുടെ ടാലന്റ് നൈറ്റ്, രചനാമല്‍സരങ്ങളുടെ ടാലന്റ് ടെസ്റ്റ്, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍. സമാജം അംഗങ്ങളുടെ കുട്ടികള്‍ക്ക് ഒരു ദിനാറും പുറത്തുനിന്നുള്ളവര്‍ക്ക് രണ്ട് ദിനാറുമാണ്, ഓരോ ഇനത്തിനും രജിസ്ട്രേഷന്‍ ഫീസ്.
പെയ്ന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പൊതുവിഞ്ജാനം, ഇന്റലിജന്‍സ് ടെസ്റ്റ്, പ്രബന്ധരചന ഇംഗ്ലീഷ്, വെജിറ്റബിള്‍ കാര്‍വിംഗ്, പോസ്റ്റര്‍ ഡിസൈന്‍, ഇംഗ്ലീഷ് കഥ, കവിത രചന, പ്രസംഗം, പദ്യോച്ഛാരണം, കഥ പറച്ചില്‍, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, മാപ്പിളപ്പാട്ട്, മലയാളം ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, പാശ്ചാത്യനൃത്തം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, കുച്ചിപ്പുടി, മോണോ ആക്റ്റ്, പ്രച്ഛന്നവേഷം എന്നീ വ്യക്തിഗത മല്‍സരങ്ങളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി. ഹരികൃഷ്ണനുമായി (36691405) ബന്ധപ്പെടാം.

സമാജത്തിന്റെ അക്ഷരമുറ്റത്ത് കുരുന്നുകള്‍ക്ക് ഹരിശ്രീ...

കേരളീയ സമാജത്തിന്റെ അക്ഷരമുറ്റം പ്രവാസികളുടെ കുരുന്നുതലമുറയുടെ ഹരിശ്രീ പ്രസാദത്താല്‍ ധന്യമായി. എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുത്ത മലയാളം പാഠശാലയുടെ പ്രവേശനോല്‍സവത്തിന് മലയാളി സമൂഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യാതിഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ കൈയില്‍ നിന്ന് കുട്ടികളും രക്ഷിതാക്കളും 500ഓളം നിലവിളക്കുകളിലേക്ക് തിരിയും വെളിച്ചവും പകര്‍ന്നാണ് പ്രവേശനോല്‍സവത്തിന് തുടക്കം കുറിച്ചത്.

35 വര്‍ഷമായി സമാജത്തില്‍ നടന്നുവരുന്ന പാഠശാലയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ 2000ഓളം പേരടങ്ങുന്ന മലയാളി സമൂഹം എത്തി. മലയാളം മരിക്കാത്ത ഭാഷയാണെന്ന് കുട്ടികളുടെ പ്രാതിനിധ്യം തെളിയിച്ചതായി ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. പാഠശാലയില്‍ സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കാനുള്ള തീരുമാനത്തെ മലയാളി സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തതായി, ലഭിച്ച അപേക്ഷകളില്‍ നിന്ന് വ്യക്തമാണെന്ന് ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടി കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ്, പാഠശാല കണ്‍വീനര്‍ ബി ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.








Wednesday, April 28, 2010

‘സാഹിത്യചുവരഴുത്ത്” അനാഛാദനം ചെയ്തു

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ‘സാഹിത്യചുവരഴുത്ത്” അനാഛാദനം åചെയ്തു. ലോകവാര്‍ത്തകളുടെയും മലയാളസാഹിത്യ വാര്‍ത്തകളുടെയും മികച്ച ശേഖരം പ്രദര്‍ശനത്തിനുണ്ട്. ഓരോ ആഴ്ചയിലും ചുവരഴുത്ത് പുതുക്കും. സമാജം വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം.സതീഷിന്റെ നേത്യത്വത്തിലുള്ള കമ്മിറ്റിയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

ആയിരം അക്ഷരദീപങ്ങള്‍ കൊളുത്തി കുരുന്നുകള്‍ മലയാള മുറ്റത്തേക്ക്...

ആയിരം അക്ഷരദീപങ്ങള്‍ കൊളുത്തി പ്രവാസിയുടെ ഒരു തലമുറ മലയാളത്തിന്റെ മുറ്റത്തേക്ക് കാലെടുത്തുവക്കുന്നു. കേരളീയ സമാജത്തിലെ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനേല്‍സവം നാളെ രാത്രി എട്ടിന് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആയിരം ദീപങ്ങള്‍ കൊളുത്തി അക്ഷരപ്പാട്ടും കളികളുമായാണ് കുട്ടികളെ മലയാളം ക്ലാസിലേക്ക് വരവേല്‍ക്കുക. പാഠശാല എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നുവെന്ന സവിശേഷത കൂടി ഇത്തവണത്തെ പ്രവേശനോല്‍സവത്തിനുണ്ട്.നിലവിലുള്ള 175 കുട്ടികളെ കൂടാതെ, പുറത്തുനിന്ന് 50ഓളം കുട്ടികള്‍ പാഠശാലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുന്നതായി സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബിജു എം സതീഷ് പറഞ്ഞു. 15 അധ്യാപകരടങ്ങുന്ന സംഘമാണ് പാഠശാലക്ക് നേതൃത്വം നല്‍കുന്നത്.മലയാള ഭാഷാ പഠനം വിപുലമാക്കാന്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. പ്രവാസികളായ കുട്ടികള്‍ക്കുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച 'എന്റെ മലയാളം' പദ്ധതിയുടെ കേന്ദ്രം ബഹ്റൈനില്‍ തുടങ്ങാനുള്ള ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ ദല്‍ഹിയില്‍ മാത്രമാണ് ഈ പദ്ധതിക്ക് കേരളത്തിനുപുറത്ത് കേന്ദ്രമുള്ളത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇന്ത്യക്കുപുറത്ത് 'എന്റെ കേരള'ത്തിന്റെ ആദ്യ കേന്ദ്രം ബഹ്റൈനാകും. മാത്രമല്ല, പാഠശാലയിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും.മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനത്തിനുള്ള പാഠശാലയില്‍ അഞ്ചുമുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം. നാട്ടിലെ സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രത്യേക സിലബസനുസരിച്ചാണ് ഭാഷാപഠനം. ഇപ്പോള്‍ ഏഴ് ക്ലാസുകളും തുടക്കക്കാര്‍ക്ക് ഒരു ക്ലാസുമാണുള്ളത്. കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ ഇത്തവണ ക്ലാസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. 300ഓളം കുട്ടികളെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് ബിജു എം സതീഷ് പറഞ്ഞു. ഭാഷാ പഠനത്തെക്കൂടാതെ കവിത, കഥ, പ്രബന്ധ രചന, പ്രസംഗം എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ബുധനാഴ്ചകളില്‍ രാത്രി എട്ടുമുതല്‍ 9.30വരെയാണ് ക്ലാസ്. പഠനം സൌജന്യമാണ്. പാഠശാലയുടെ പ്രവര്‍ത്തനം ആകര്‍ഷകമാക്കാന്‍ നാട്ടില്‍ നിന്ന് പ്രശസ്തരായ അധ്യാപകരെ കൊണ്ടുവന്ന് കവിത^ കഥ ചൊല്ലല്‍, എഴുത്തുകാരുമായുള്ള സംവാദം എന്നിവ സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്

ബാജി ഓടംവേലിക്ക് ആശംസകള്‍




ദലെയുടെ കൊച്ചുവാവ പുരസ്കാരം നേടിയ സമാജം അംഗം ബാജി ഓടംവേലിക്ക് ആശംസകള്‍

Friday, April 23, 2010

ജി.സി.സി ജൂനിയര്‍ ഓപണ്‍ ബാറ്റ്മിന്റന്‍ 30 മുതല്‍

കേരളീയ സമാജം ബഹ്റൈന്‍ ബാറ്റ്മിന്റന്‍ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെ ജി.സി.സി ജൂനിയര്‍ ഓപണ്‍ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഈ മാസം 30 മുതല്‍ രണ്ടുവരെയാണ് മല്‍സരം. അണ്ടര്‍ 10, 13, 16, 19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്, ഡബ്ള്‍സ് മല്‍സരങ്ങളാണ് നടക്കുക.ജി.സി.സി രാജ്യങ്ങളിലുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. 2010 ഏപ്രില്‍ 30 വച്ചാണ് വയസ്സ് കണക്കാക്കുക. ആവശ്യമെങ്കില്‍ വയസ്സ് തെളിയിക്കാനുള്ള രേഖ ഹാരജാക്കണം.ഒരു കളിക്കാരന് ഉയര്‍ന്ന പ്രായക്കാരുടെ ഗ്രൂപ്പിലും മല്‍സരിക്കാം. എന്നാല്‍ കൂടിയത് മൂന്നിനങ്ങളിലേ ഒരാള്‍ക്ക് മല്‍സരിക്കാനാകൂ. ഒരിനത്തിലേക്കുള്ള കളിക്കാരുടെ എണ്ണം എട്ടില്‍ കുറവാണെങ്കില്‍ ആ ഇനം റദ്ദാക്കും. ഒരു കളിക്കാരന് ഒരു ദിനാറാണ് പ്രവേശന ഫീസ്. ഇത് രജിസ്ട്രേഷന്റെ സമയത്ത് നല്‍കണം. നാളെയാണ് അപേക്ഷ നല്‍കേണ്ട അവസാന ദിവസം. അപേക്ഷാഫോറം സമാജം ഓഫീസില്‍ നിന്ന് നേരിട്ടോ (973) 36500103 എന്ന നമ്പറില്‍ എസ്.എം.എസ് അയച്ചാലോ bks.igscc@yahoo.com എന്ന ഇ മെയില്‍ വഴിയോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഡോര്‍ ഗയിംസ് സെക്രട്ടറി ആഷ്ലി ജോര്‍ജുമായി (36500103) ബന്ധപ്പെടാം.

Tuesday, April 20, 2010

ബാലകലോല്‍സവം രജിസ്ട്രേഷന്‍ ഇന്നുമുതല്‍

ബഹ്റൈനിലെ 10,000ഓളം മലയാളി കുട്ടികളില്‍ 3000ഓളം പേര്‍ പ്രാഥമിക തലത്തില്‍ മല്‍സരിക്കാനെത്തുമെന്നതിനാല്‍ ബാലകലോല്‍സവത്തിന് സമാജം ഇത്തവണ വിപുലമായ ഒരുക്കമാണ് നടത്തുന്നത്. സ്റ്റേജ് ഇനങ്ങളുടെ ടാലന്റ് നൈറ്റ്, രചനാമല്‍സരങ്ങളുടെ ടാലന്റ് ടെസ്റ്റ്, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍. സമാജം അംഗങ്ങളുടെ കുട്ടികള്‍ക്ക് ഒരു ദിനാറും പുറത്തുനിന്നുള്ളവര്‍ക്ക് രണ്ട് ദിനാറുമാണ്, ഓരോ ഇനത്തിനും രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷന്‍ ഇന്ന് തുടങ്ങും.
ടാലന്റ് ടെസ്റ്റ് ഇനങ്ങള്‍: പെയ്ന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, പൊതുവിഞ്ജാനം, ഇന്റലിജന്‍സ് ടെസ്റ്റ്, പ്രബന്ധരചന ഇംഗ്ലീഷ്, വെജിറ്റബിള്‍ കാര്‍വിംഗ്, പോസ്റ്റര്‍ ഡിസൈന്‍, ഇംഗ്ലീഷ് കഥ, കവിത രചന, പ്രസംഗം, പദ്യോച്ഛാരണം, കഥ പറച്ചില്‍.ടാലന്റ് നൈറ്റ് ഇനങ്ങള്‍: ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, മാപ്പിളപ്പാട്ട്, മലയാളം ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, പാശ്ചാത്യനൃത്തം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, കുച്ചിപ്പുടി, മോണോ ആക്റ്റ്, പ്രച്ഛന്നവേഷം.ഗ്രൂപ്പിനങ്ങള്‍: സംഘഗാനം, മൈം, രംഗോളി, ഫ്ലവര്‍ അറേജ്മെന്റ്, ഒപ്പന, ടാബ്ലോ. മല്‍സരങ്ങളെക്കുറിച്ചുള്ള നിയമാവലിയും അപേക്ഷാഫോമും സമാജം ഓഫീസില്‍ നിന്നോwww.bahrainkeraleeyasamajam.com എന്ന വെബ്സൈറ്റിലോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി. ഹരികൃഷ്ണനുമായി (36691405) ബന്ധപ്പെടാം

സമാജം ബാലകലോല്‍സവത്തില്‍ എല്ലാ മലയാളികള്‍ക്കും മല്‍സരിക്കാം

ബഹ്റൈനിലെ എല്ലാ മലയാളി കുട്ടികളുടെയും പങ്കാളിത്തത്തില്‍ കേരളീയ സമാജം ബാലകലോല്‍സവം അടുത്തമാസം 13ന് തുടങ്ങും. 45 ദിവസം നീളുന്ന മല്‍സരങ്ങളില്‍ 140 ഇനങ്ങളില്‍ 3000ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫൈനലില്‍ 1500ഓളം കുട്ടികള്‍ പങ്കെടുക്കും. ഇതാദ്യമായാണ് ബാലകലോല്‍സവം എല്ലാ മലയാളികള്‍ക്കുമായി വിപുലപ്പെടുത്തുന്നത്. സമാജം അംഗങ്ങളുടെ കുട്ടികളില്‍ മാത്രമായി മല്‍സരം ഒതുങ്ങുന്നതുകൊണ്ട്, മല്‍സരങ്ങളുടെ ഗുണനിലവാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു. മല്‍സരശേഷിയില്ലാത്തതുമൂലം നാട്ടിലും മറ്റും ഇവിടത്തെ കുട്ടികള്‍ പിന്തള്ളപ്പെടുന്നു. ഇതിന് പരിഹാരമെന്ന നിലക്കാണ് മല്‍സരം വിപുലമാക്കുന്നത്. ഭാവിയില്‍ ഇത് ഇന്ത്യന്‍ സമൂഹത്തിനാകെ തുറന്നുകൊടുക്കാനുള്ള ആലോചനയുണ്ട്. സംഗീത, നൃത്ത പരിപാടികളിലെ വിധിനിര്‍ണയത്തിലുണ്ടാകുന്ന പരാതി ഒഴിവാക്കാന്‍ നാട്ടില്‍ നിന്ന് വിധികര്‍ത്താക്കളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പ് ഇനങ്ങളില്‍ സമാജത്തിനുപുറമേ സംഘടനകള്‍, ക്ലബുകള്‍, സ്കൂളുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പുകളെ സ്പോണ്‍സര്‍ ചെയ്യാം. നാട്ടിലെ യുവജനോല്‍സവ മാന്വല്‍ പ്രകാരമാണ് മല്‍സരം നടത്തുക. കലാപ്രതിഭ, തിലകം എന്നിവക്കുപുറമേ ഇത്തവണ സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന അവാര്‍ഡുകളും ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പും നല്‍കും. മലയാള ഭാഷയുടെ പ്രോല്‍സാഹനത്തിന് മലയാള പ്രസംഗമല്‍സരം ഇത്തവണയുമുണ്ട്. ഇതിന് പ്രവേശന ഫീസ് ഇല്ല. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സമാജം ഗ്രൂപ്പുകള്‍ക്ക് പ്രത്യേക ട്രോഫിയുണ്ട്. 20ഓളം ചാമ്പ്യന്‍ഷിപ്പ്അവാര്‍ഡുകള്‍ ഇത്തവണ നല്‍കും. കഥാപ്രസംഗം, ടാബ്ലോ, ഏതു ഭാഷയിലുമുള്ള മോണോ ആക്റ്റ്, ഫ്ലവര്‍ അറൈജ്മെന്റ്, പോസ്റ്റര്‍ ഡിസൈന്‍ തുടങ്ങിയ പുതിയ പരിപാടികള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി. ഹരികൃഷ്ണന്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് ബാലകലോല്‍സവത്തിന് നേതൃത്വം നല്‍കുന്നത്. മോഹന്‍രാജ് സ്റ്റേജിനങ്ങളുടെയും ടിജി മാത്യു രചനാമല്‍സരങ്ങളുടെയും വിനോദ് കാഞ്ഞങ്ങാട് ഗ്രൂപ്പിനങ്ങളുടെയും പ്രിന്‍സ് നടരാജന്‍ ഐ.ടി വിഭാഗത്തിന്റെയും കണ്‍വീനര്‍മാരാണ്.ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ബി. ഹരികൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

സമജം പുതിയ ഭരണസമിതി സ്ഥാനമേറ്റു


ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം റസൂല്‍ പൂക്കുട്ടി നിര്‍വഹിക്കുന്നു
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നിര്‍വഹിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. ജോര്‍ജ് ജോസഫ്, ഡോ. രവി പിള്ള, എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമാജം പ്രസിഡന്റ് പി. വി. രാധാക്യഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍. കെ. വീരമണി മറ്റു ഭരണസമിതി അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സമാജം അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടവും നടന്നു.

Monday, April 19, 2010



സമാജം സാഹിത്യ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2010 ഏപ്രില്‍ 18 ഞായറാഴ്‌ച വൈകിട്ട് 8 മണിക്ക് എം. എം. രാമചന്ദ്രന്‍ ഹാളില്‍ പ്രശസ്‌ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിച്ചു. എം എം രാമചന്ദ്രന്‍ ഹാളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ ത്തിയാണ്‍ ചടങ്ങ നടന്നത്. ഭാഷയുടെയും കലയുടെയും മാഹാത്മ്യം പ്രവാസികളായ നിങ്ങളാണ്‍ നിലനിര്‍ ത്തുന്നത് എന്ന് ഉത്ഘാടന പ്രസം ഗത്തില്‍ അദ്ദേഹം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് അദ്ധ്യക്ഷത വഹിച്ചു.സമാജം പ്രസിഡന്റ് പി.വി രാധാക്യഷ്ണ പിള്ള , സെക്രട്ടറി എന്.കെ വീരമണി എന്നിവര്‍ ആശം സാപ്രസം ഗം നടത്തി. കണ്‍ വീനര്‍ ബാജി ഓടം വേലില്‍ ഈ വര്‍ ഷത്തെ പ്രവര്‍ ത്തന രൂപരേഖ അവതരിപ്പിച്ചു. ജോ കണ്‍ വീനര്‍ രാധാക്യഷ്ണന്‍ ഓഴൂര്‍ സ്വാഗതവും , ആലീസ് ജോര്ജ്ജ് നന്ദിയും രേഖപ്പെടുത്തി.എം കെ നമ്പ്യാര്‍ , ബെറ്റി സജി, അരുണ്‍ കുമാര്‍ മുതുകുളം എന്നിവര്‍ കവിത അവതരിപ്പിച്ചു. പൂജാ ജയന്റെ പ്രാര്‍ത്ഥാനാഗീതത്തേടെയാണ്‌ ചടങ്ങ് തുടങ്ങിയത്

Saturday, April 17, 2010

വിളക്കുപാറയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക്... സ്വന്തം ശബ്ദവുമായി ഒരപൂര്‍വ യാത്ര

കൊല്ലത്തെ വിളക്കുപാറയില്‍ നിന്ന് ലോസ് ആഞ്ചലസിലെ കൊഡാക് തിയറ്ററിലേക്കുള്ള ദൂരം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖകനെന്ന നിലക്കുള്ള 15 വര്‍ഷങ്ങളല്ല, അത് അദ്ദേഹത്തിന്റെ ജീവിതകാലം തന്നെയാണ്; 39 വര്‍ഷങ്ങള്‍.
ഓസ്കാര്‍ എന്ന ഒരേയൊരു നിമിത്തമല്ല, കേള്‍ക്കാത്ത ശബ്ദങ്ങള്‍ മലയാളിയെ കേള്‍പ്പിച്ച ഈ പ്രതിഭയെ സൃഷ്ടിച്ചത്. ഓസ്കാറിനുമുമ്പും അതിനുശേഷവും ഒരുപക്ഷേ അതില്ലെങ്കില്‍ പോലും റസൂല്‍ എന്ന ശബ്ദം ഉണ്ടാകുമായിരുന്നുവെന്ന് സ്വന്തം ജീവിതം സാക്ഷിയാക്കി നിശãബ്ദം പറഞ്ഞുതരികയായിരുന്നു, കേരളീയ സമാജത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ റസൂല്‍ പൂക്കുട്ടി. തന്റെ തൊഴിലില്‍ 15 വര്‍ഷം കൊണ്ട് ആര്‍ജിച്ച അനുഭവങ്ങള്‍ ഒരു സാധാരണക്കാരന്റെ ലാളിത്യത്തോടെയും ഒരു ദാര്‍ശനികന്റെ പാകതയോടുമാണ് അദ്ദേഹം വിവരിച്ചത്.
സ്കൂളിലും കോളജിലും മലയാളം പഠിച്ച ഒരാള്‍ക്ക് ലോകത്തെ തന്റെ ശബ്ദം കേള്‍പ്പിക്കാനാകുമെന്ന് തെളിയിച്ച നിമിഷമായിരുന്നു ഓസ്കാറിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മികവ് കൈവരിക്കണമെന്ന ഒരു ഇന്ത്യക്കാരനുള്ള ആന്തരികപ്രേരണയുടെ സാക്ഷാല്‍ക്കാരമായിരുന്നു 'സ്ലംഡോഗ് മില്യനയര്‍'ക്കു ലഭിച്ച അംഗീകാരം. ഓസ്കാര്‍ നേടി തിരിച്ചുവന്നപ്പോള്‍, ഇത് ഏതൊരു ഇന്ത്യക്കാരനും പ്രാപ്തമാണെന്ന് മറ്റ് ഇന്ത്യക്കാര്‍ കൂടി തിരിച്ചറിയുകയായിരുന്നു.
ഓസ്കാര്‍ ലഭിച്ചശേഷമാണ് മലയാള സിനിമ അംഗീകരിച്ചത് എന്ന് കരുതുന്നുണ്ടോ എന്ന് ചോദ്യത്തിന്, ക്ലേശകരമായ സ്വന്തം സിനിമായാത്ര വിശദീകരിച്ചാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം മലയാള സിനിമ ചെയ്യണം എന്ന ആഗ്രഹവുമായാണ് വന്നത്. എന്നാല്‍ ലൈവ് റെക്കോര്‍ഡിംഗ് തുടങ്ങിയ ആശയങ്ങള്‍ക്കുപറ്റിയ ഇടമായിരുന്നില്ല അന്ന് മലയാളം. തുടര്‍ന്ന് ചെന്നൈയില്‍ കമല്‍ഹാസനെ ചെന്നുകണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: തമിഴ് വിപണിക്ക് മനീഷ കൊയ്രാളയെയാണ് വേണ്ടത്. എന്നാല്‍, മനീഷക്കാകട്ടെ തമിഴ് അറിയുകയുമില്ല''. അഭിനയത്തിന് ഭാഷ പ്രധാന ഘടകമാണെന്ന വാദത്തെ റസൂല്‍ പൂക്കുട്ടി നേരിട്ടു; റഷ്യന്‍ സിനിമയില്‍ ഉക്രൈന്‍ നടിമാരാണ് കൂടുതലും അഭിനയിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ പ്രബലമായി നില്‍ക്കുന്ന ഇത്തരം യാഥാസ്ഥിതികത്വങ്ങളോടാണ് യുവാവായ റസൂലിന് പൊരുതേണ്ടിവന്നത്. ഒരുവേള, സിനിമ വേണ്ട, നിര്‍ത്തിവച്ച നിയമപഠനം പുനരാരംഭിച്ചാലോ എന്നുപോലും തോന്നിയ സമയം. നിയതി ഒടുവില്‍ റസൂലിനെ മുംബൈയിലെത്തിച്ചു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ വേദി ഗോവയിലേക്ക് മാറ്റുന്നതിനുമുമ്പ്, മുംബൈയില്‍ നടന്ന അവാസാന ഫെസ്റ്റിവലിന്റെ സമയം. ഏഴാം ദിവസം മുംബൈയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു സ്ഥലത്ത് ടെലിവിഷനുവേണ്ടിയുള്ള ഷൂട്ടിംഗിന് ശബ്ദലേഖകനെ ആവശ്യമുണ്ടെന്നറിഞ്ഞു. അവിടെയെത്തുമ്പോള്‍ പഠിച്ച ശബ്ദവും ധരിച്ച വസ്ത്രവും മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. ആദ്യം തിരിച്ചുപോന്നു. മുംബൈയില്‍ എട്ടുപേര്‍ താമസിക്കുന്ന മുറിയില്‍ അന്ന് എനിക്കുമാത്രമായിരുന്നു ഇങ്ങനെയൊരു ഓഫറെങ്കിലുമുണ്ടായിരുന്നത്. അതോര്‍ത്തപ്പോള്‍ വീണ്ടും പോയി. ഷൂട്ടിംഗിന്റെ രണ്ടാമത്തെ ഷെഡ്യൂളില്‍ ചേര്‍ന്നു. ആ സമയത്ത് മാതാവ് ആശുപത്രിയിലാണെന്ന് വിവരം കിട്ടി. ചികില്‍സക്ക് കുറച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ 8000 രൂപ തന്നു. അത് വലിയൊരനുഭവമായിരുന്നു.
എനിക്ക് ജോലി ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവുമാത്രമായിരുന്നില്ല അത്. ഒരു വലിയ കലയുടെ സൃഷ്ടിയേക്കാളും മഹത്തരമാണ്, നല്ല മകനാകുന്നത്, നല്ല സഹോദരനാകുന്നത്, നല്ല ഭര്‍ത്താവാകുന്നത്.ടെലിവിഷനിലെ റെക്കോര്‍ഡിംഗിലും മറ്റും വലിയ മാറ്റം നടക്കുന്ന കാലം കൂടിയായിരുന്നു അത്. തുടക്കത്തിലേ, പ്രതിഭാശാലികളായ സിനിമാപ്രവര്‍ത്തകരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അത് 'ബ്ലാക്ക്' വരെയുള്ള ചരിത്രം.ഒരു വഴക്കിന്റെ കൂടി ഫലമായിരുന്നു 'സ്ലംഡോഗ് മില്യനയര്‍'. വഴക്കുണ്ടാക്കുന്നവന്‍ സത്യം പറയുന്നവനുമായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ ഡാനി ബോയ്ലേയുടെ 'ട്രെയിന്‍സ്പോര്‍ട്ടിംഗ് ഇന്‍ മൈ റൂം' എന്ന സിനിമയുടെ പോസ്റ്റര്‍ എന്റെ മുറിയിലുണ്ടായിരുന്നു. ബോയ്ലേ 'സ്ലംഡോഗ്' ചെയ്യുന്നതായി അറിഞ്ഞിരുന്നുവെങ്കിലും ഞാനതിലേക്ക് വീണുപോകുമെന്ന് കരുതിയില്ല. അത് അവിശ്വസനീയ യാത്രയായിരുന്നു. വ്യത്യസതമായൊരു പഠനപ്രക്രിയ, അല്ല, പഠിച്ചതെല്ലാം മറന്ന്, പഠനത്തെതന്നെ അപനിര്‍മിക്കേണ്ടിവന്ന അനുഭവം.ഡാനി പുതിയ വഴികള്‍ തേടുന്ന സംവിധായകനാണ്. ഒരു കാമറക്കുപകരം അഞ്ച് കാമറുകള്‍ വരെ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആള്‍. മുംബൈയിലെ ജീവിതം അതേപടിയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. ഞാനും കാത്തിരുന്നത് അതിനുവേണ്ടിയായിരുന്നു. സാങ്കേതിക വിദ്യകൊണ്ട് മനുഷ്യജീവിതത്തെ അതേപടി പകര്‍ത്തുക. അനവധി ശബ്ദങ്ങള്‍ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്ന മുംബൈയുടെ കേള്‍വിയും ശ്രദ്ധയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക, എന്നിട്ട് നഗരത്തിന്റെ 'സൌണ്ട് സ്കേപ്പ്' റെക്കോര്‍ഡ് ചെയ്യുക; തലച്ചോറും ഇന്ദ്രിയങ്ങളും അനുഭവിക്കുന്ന അതേ ശബ്ദം.
ഒരു കാലഘട്ടം പുനരാവിഷ്കരിച്ച 'പഴശãിരാജ' വെല്ലുവിളിയായിരുന്നു. യുദ്ധരംഗങ്ങള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ചെയ്തത്.കേരളത്തിലെ തിയറ്ററുകളിലെ ശബ്ദക്രമീകരണത്തിലെ നിലവാരമില്ലായ്മ അദ്ദേഹം തുറന്നുകാട്ടി. തിയറ്ററിലെ സീറ്റിംഗില്‍ പോലും നിലവാരം ഉറപ്പാക്കുമ്പോള്‍, സൌണ്ട് സിസ്റ്റത്തിന്റെ നിലവാരത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല. ഒരു ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവര്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത്, ഒരു സിനിമ കാണാന്‍ 40 രൂപ വരെ ടിക്കറ്റിന് മുടക്കേണ്ടിവരുന്നുണ്ട്. അവര്‍ക്കുവേണ്ടി നാം ഒന്നും കൊടുക്കുന്നില്ല. ഇത് ബുദ്ധിപരമായ ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. അടൂരിന്റെയും അരവിന്ദന്റെയും സിനിമകള്‍ ഉച്ചപ്പടമെന്നുപറഞ്ഞ് കണ്ടുവളര്‍ന്നവരാണ് തന്റെ തലമുറ. എന്താണ് നല്ല സിനിമ എന്ന് കാണിച്ചുകൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഇന്തോ^ യു.എസ് സിനിമകളാണ് റസൂല്‍ പൂക്കുട്ടിയുടെ അടുത്ത പ്രൊജക്റ്റ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ 'ഇന്ദ്രന്‍' എന്ന പേരില്‍ തമിഴിലും 'റോബോട്ട്' എന്ന പേരില്‍ ഹിന്ദിയിലും ഇറങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

News from Madyamam News Paper

സമാജം സാഹിത്യവിഭാഗം പ്രവര്‍ത്തനേദ്ഘാടനം

ബഹറിന്‍ കേരളീയ സമാജം സാഹിത്യവിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനേദ്ഘാടനം 2010 ഏപ്രില്‍ 18 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് എം എം രാമചന്ദ്രന്‍ ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് നിര്‍ വ്വഹിക്കുന്നു. എല്ലവര്‍ക്കും സ്വാഗതം

Monday, April 12, 2010

സാഹിത്യച്ചുവരെഴുത്ത്

സാഹിത്യ സംബന്ധിയായ ലോക വാര്‍ത്തകളും മലയാള വാര്‍ത്തകളും പ്രദര്‍ശിപ്പിക്കുന്നതിനായി സമാജത്തില്‍ ഒരു സ്ഥിരം ചുവരെഴുത്ത് ഒരുങ്ങുന്നു. ജീവിതത്തിരക്കിനിടയില്‍ നാം അറിഞ്ഞിരിക്കേണ്ട പല സാഹിത്യ വാര്‍ത്തകളും നമ്മുടെ കണ്ണില്‍ പെടാതെ പോകുന്നു. ഇനിയും നാം അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളെ സാഹിത്യച്ചുവരെഴുത്ത് എന്ന വലിയ ബോര്‍ഡില്‍ നമുക്ക് വായിക്കാനാവും. സമാജത്തിലെ സാഹിത്യ വിഭാഗം പ്രവര്‍ത്തകരാണ്‍ ഈ ചുവരെഴുത്തിനു ചുക്കാന്‍ പിടിക്കുന്നത്. സാഹിത്യച്ചുവരെഴുത്തിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്‌ണപിള്ള ഏപ്രില്‍ 15 ന്‍ വൈകിട്ട് 8.30 ന് നിര്‍വ്വഹിക്കും

സമാജം മലയാളം പാഠശാല എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു

കേരളീയ സമാജത്തില്‍ കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുന്ന മലയാളം പാഠശാല സമാജം എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു. പ്രവേശനോല്‍സവം ഈ മാസം 28ന് നടക്കുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കുമാത്രമാണ് പാഠശാലയില്‍ പ്രവേശനം നല്‍കുന്നത്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനത്തിനുള്ള പാഠശാലയില്‍ അഞ്ചുമുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. നാട്ടിലെ സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രത്യേക സിലബസനുസരിച്ചാണ് ഭാഷാപഠനം. ഇപ്പോള്‍ ഏഴ് ക്ലാസുകളിലായി 170ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ബിരുദാനന്തര ബിരുദവും ബി.എഡ് അടക്കമുള്ള യോഗ്യതയുമുള്ളവരാണ് അധ്യാപകര്‍. ഭാഷാ പഠനത്തെക്കൂടാതെ കവിത, കഥ, പ്രബന്ധ രചന, പ്രസംഗം എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ബുധനാഴ്ചകളില്‍ രാത്രി എട്ടുമുതല്‍ 9.30വരെയാണ് ക്ലാസ്. പഠനം സൌജന്യമാണ്. പാഠശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധി പരിപാടികള്‍ ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടില്‍ നിന്ന് പ്രശസ്തരായ അധ്യാപകരെ കൊണ്ടുവന്ന് കവിത^ കഥ ചൊല്ലല്‍, എഴുത്തുകാരുമായുള്ള സംവാദം എന്നിവ സംഘടിപ്പിക്കും. കേരള സര്‍ക്കാറിന്റെ മധുരം മലയാളം പദ്ധതി പ്രവാസികള്‍ക്കുകൂടി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത ആരായും.പാഠശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എന്‍.കെ വീരമണി (36421369), ജോ. കണ്‍വീനര്‍ മോഹന്‍പ്രസാദ് (39175977), ബിജു എം. സതീഷ് (36045442) എന്നിവരുമായി ബന്ധപ്പെടാം.

Sunday, April 11, 2010

പിണറായി വിജയന്‍ കേരളീയ സമാജം സന്ദര്‍ശിച്ചു.



ബഹ്റൈനിലെത്തിയ സിപിഎം കേരള ഘടകം സെക്രട്ടറി പിണറായി വിജയന്‍ കേരളീയ സമാജം സന്ദര്‍ശിച്ചു. പ്രവാസി ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ, എ.വിജയരാഘവന്‍, കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, എ.എ.റഷീദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, ട്രഷറര്‍ സജുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Thursday, April 8, 2010

സമാജം കെട്ടിടം മലയാളികളുടെ സാംസ്കാരിക രംഗത്തിന് മുതല്‍ക്കൂട്ട്: പിണറായി



കേരളീയരുടെ കലാസാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിശാലമായ ഹാളും അനുബന്ധ സൌകര്യങ്ങളുമുള്ള കേരളീയ സമാജം കെട്ടിടം മലയാളികളുടെ സാംസ്കാരിക രംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമാജത്തിന്റെ സന്ദര്‍ശകപുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്. കേരളത്തിനുപുറത്ത് മലയാളികള്‍ക്ക് സ്വന്തമായി വലിയ ഒരു കെട്ടിടസമുച്ചയം ഉണ്ടായതില്‍ അദ്ദേഹം സമാജം ഭാരവാഹികളെ അത്ഭുതവും സന്തോഷവും അറിയിച്ചു. ഇതിന് സഹായിച്ചവരെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെയും അദ്ദേഹം അഭിനന്ദിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, മുന്‍ എം.പി എ വിജയരാഘവന്‍, കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി ഡയറക്ടര്‍ എ.എ റഷീദ് എന്നിവരും പിണറായിക്കൊപ്പം കേരളീയ സമാജം സന്ദര്‍ശിച്ചു.സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, ട്രഷറര്‍ കെ.എസ് സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരിച്ചു. മുന്‍ പ്രസിഡന്റ് ജി.കെ നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി മധു മാധവന്‍, ബഹ്റൈന്‍ ഫിനാന്‍സ് ജനറല്‍ മാനേജര്‍ ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവരും സമാജം അംഗങ്ങളും സന്നിഹിതരായിരുന്നു

Wednesday, April 7, 2010

പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനേത്ഘാടനം

കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഈ മാസം 16ന് രാത്രി എട്ടിന് നടക്കും. ഓസ്കാര്‍ അവാര്‍ഡ് ജേതാവും പ്രമുഖ ശബ്ദലേഖകനുമായ റസൂല്‍ പൂക്കുട്ടിയാണ് മുഖ്യാതിഥി. അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫാണ് വിശിഷ്ടാതിഥി. പ്രമുഖ നര്‍ത്തകി ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ മോഹിനിയാട്ടവും ഇതോടനുബന്ധിച്ചുണ്ടാകുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.സമാജം അംഗങ്ങളല്ലാത്തവര്‍ക്കും സ്ഥാനാരോഹണചടങ്ങ് കാണാന്‍ അവസരമുണ്ടാകുമെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു. കൃത്യമായ സമയക്രമം പാലിക്കുന്നതിനാല്‍ 7.30നുതന്നെ ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ചടങ്ങിന് മുന്നോടിയായി മോഹന്‍രാജ് തയാറാക്കിയ, സമാജത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ഓഡിയോ വിഷ്വല്‍ പരിപാടി പ്രദര്‍ശിപ്പിക്കും. സമാജത്തില്‍ ബാറ്റ്മിന്റന്‍ കളിക്കിടെ ഹൃദയാഘാതം വന്ന് മരിച്ച ജോസിന്റെ കുടുംബത്തിന് സമാജം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നാല് ലക്ഷത്തോളം രൂപ ചടങ്ങില്‍ കൈമാറും. ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ് സജുകുമാര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ടി.ജെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. 'സ്ലംഡോഗ് മില്യനയര്‍' എന്ന സിനിമയിലൂടെ ഓസ്കാറും അതിനുശേഷം പത്മശ്രീയും നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി സമകാലിക ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരിലൊരാളായാണ് അറിയപ്പെടുന്നത്. മുസാഫിര്‍, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സവാരിയ, ദുസ് കഹാനിയാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശബ്ദലേഖനത്തിന് പുതിയ മാനം നല്‍കിയ റസൂല്‍ 'സ്ലംഡോഗ് മില്യനയര്‍' എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമയിലെ സൌണ്ട് എഞ്ചിനീയറിംഗിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചു. സാങ്കേതിക വിദ്യയുടെ ഏറ്റവും നവീനമായ സങ്കേതങ്ങളുപയോഗിച്ച് സംസ്കാരത്തെയും സൌന്ദര്യശാസ്ത്രത്തെയും സംയോജിപ്പിക്കുന്ന കലാപ്രയോഗമാണ് റസൂല്‍ പൂക്കുട്ടിയുടെ സവിശേഷത. കര്‍ണാടക സംഗീതം മുതല്‍ മോഹിനിയാട്ടം വരെയുള്ള ശാസ്ത്രീയ കലകളുടെ പ്രയോഗത്തിലും ഗവേഷണത്തിലും മികച്ച സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന ഡോ. ദീപ്തി ഓംചേരി ഭല്ല വിശ്രുത സംഗീതജ്ഞ ഡോ. ലീല ഓംചേരിയുടെയും പ്രശസ്ത നാടകകൃത്തും കലാകാരനുമായ പ്രൊഫ. ഓംചേരി എന്‍.എന്‍ പിള്ളയുടെയും മകളാണ്. ദല്‍ഹി സര്‍വകലാശാലയിലെ സംഗീത, കലാ ഫാക്കല്‍റ്റിയിലെ കര്‍ണാടക സംഗീത വിഭാഗം റീഡറായ ദീപ്തി കര്‍ണാടക സംഗീതം അഭ്യസിച്ചത് അമ്മയില്‍ നിന്നും ടി.എസ് രാഘവനില്‍ നിന്നുമാണ്. തുടര്‍ന്ന് യൂനുസ് ഹുസൈന്‍ ഖാന്‍, ദാഗര്‍ സഹോരന്മാര്‍ എന്നിവരില്‍ നിന്ന് ഹിന്ദുസ്ഥാനി പഠിച്ചു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയില്‍ നിന്ന് മോഹിനിയാട്ടവും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, സദനം ബാലകൃഷ്ണന്‍, ഗുരു ഗോപിനാഥ് തുടങ്ങിയവരില്‍ നിന്ന് കഥകളിയും പഠിച്ചു. ഇന്ത്യയിലെ പ്രമുഖ നൃത്ത^,സംഗീത ഫെസ്റ്റിവലുകളിലെ സജീവ സാന്നിധ്യമായ ദീപ്തി വിദേശ കലാ ഫെസ്റ്റിവലുകളില്‍ ഭാരതീയ കലയുടെ അഭിജാത മുദ്രയാണ്. അമ്മ ലീല ഓംചേരിക്കൊപ്പം ഭാരതീയ സംഗീതത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളീയ സമാജത്തില്‍ ഒരു മണിക്കൂറോളം അവര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. എല്ലവര്‍ക്കും സ്വാഗതം




ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്ന് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ബഹ്്റൈനിലെത്തിയ പ്രമുഖ വ്യവസായി ഡോ.രവി പിള്ളയ്ക്ക് കേരളീയ സമാജം ഭാരവാഹികള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇന്നലെ രാത്രിയാണ് രവി പിള്ള ഡല്‍ഹിയില്‍ നിന്നെത്തിയത്.

Sunday, April 4, 2010

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍


May the Spirit of Easter fill you with Hope, Love & Joyful Living..
Happy Easter..!