Pages

Tuesday, August 30, 2016

സമാജം ചില്‍ഡ്രന്‍സ് വിംഗ് ഉദ്ഘാടനം സെപ്റ്റംബര്‍ 1ന്

സമാജം ചില്‍ഡ്രന്‍സ് വിംഗ് ഉദ്ഘാടനം സെപ്റ്റംബര്‍ 1ന്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ ചില്‍ഡ്രന്‍സ് വിംഗിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1ന് രാത്രി 8.30 ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടക്കുന്നു. ബഹ്‌റൈന്‍ രാജകുടുംബാംഗവും മെഡ്പോയിന്റ് ഡിസൈന്‍ സി.യി.ഒ യും ചെയര്‍പേര്‍സണും ആയ ഷെയ്ഖ നൂറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. ദുബായ് റേഡിയോ ടെലിവിഷന്‍ അവതാരകനും ,നടനും എഴുത്തുകാരനുമായ ശ്രീ.മൊയ്ദീന്‍ കോയ വിശിഷ്ടാതിഥിയായിരിക്കും.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സര്‍ഗാത്മ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും അറിവിന്റെ ലോകത്തേക്ക് പ്രതിപാധിപ്പിക്കപ്പെടുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ക്യാമ്പുകളും സാമൂഹികമായ തിന്മകള്‍ക്കെതിരെ കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ചില്‍ഡ്രന്‍സ് വിംഗ് ഈ വര്‍ഷം നടപ്പിലാക്കുന്നത് എന്ന്സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി,വൈസ് പ്രസിഡന്റ്‌ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ അറിയിച്ചു.
കെ.സി. ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഉള്ള പേട്രന്‍കമ്മിറ്റിയുടെ ഭാഗമായി മാസ്റ്റര്‍ കാര്‍ത്തിക് മേനോന്‍ ( പ്രസിഡന്റ്‌ ) മാസ്റ്റര്‍ ആദിത്യ ബാലചന്ദ്രന്‍ ( സെക്രട്ടറി) മാസ്റ്റര്‍ ഹൃദയ്‌ പ്രദീപ്‌ ( ഖജാന്‍ജി) കുമാരി ഗൌരി അനില്‍ ( വൈസ് പ്രസിഡന്റ്‌) എന്നിവരടങ്ങുന്ന 15 പേരുടെ കമ്മിറ്റിയാണ് ചില്‍ഡ്രന്‍സ് വിങ്ങിന്റെ പ്രവര്‍ത്തകര്‍.
ഉദ്ഘാടനത്തിന്റെ ഭാഗമായി നൃത്തനൃത്യങ്ങള്‍, സംഘഗാനം ,സ്കിറ്റ്, ച്ത്രീകരണം എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സിസ് കൈതാരത്ത് 39834729 ,കെ സി ഫിലിപ്പ് 36384849 എന്നിവരെ വിളിക്കാവുന്നതാണ്.

Friday, August 26, 2016

യർമ്മ’- മാതൃത്വത്തിന്റെ മറുപുറം

പി.  ഉണ്ണികൃഷ്ണൻ
ബഹ്റിൻ കേരളീയ സമാജത്തിൽ ഇന്നലെ നടന്ന യർമ്മ എന്ന നാടകം കണ്ടപ്പോൾ ഓർത്തുപോയത്  സ്പെയിൻ പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങൾ കടന്നുപോയ സങ്കീർണ്ണമായ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. 
ഫെ‍‍ഡറിക്കോ ഗാർഷ്യ ലോർക്ക രചിച്ച യർമ്മ എന്ന നാടകം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒറ്റ നോട്ടത്തിൽ പ്രസവിക്കാത്ത (യർമ്മ) ഒരു സ്ത്രീയുടെ കഥയും അവൾ അനുഭവിക്കുന്ന മാനസിക സംഘട്ടനങ്ങളും അതുവഴി സ്വന്തം ഭർത്താവിനെ കൊല്ലുകയും ചെയ്യുന്ന ഒരു സാധാരണക്കാരിയുടെ ഗ്രാമീണ പശ്ചാത്തലം ഉള്ള ഒരു നാടകമാണ്. 
പട്ടാള ഭരണത്തിന് ശേഷം 1931ൽ ഒരു ജനാധിപത്യ സംവിധാനത്തിലേക്കുള്ള ഭരണമാറ്റത്തിന്റെ ഭാഗമായി പലയിടങ്ങളിലും സോഷ്യലിസ്റ്റ് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോ 34ാമത്തെ വയസിൽ സ്പെയിനിൽ സ്വന്തം കഴിവിനാൽ പട്ടാള ജനറൽ ആയ വ്യക്തിയാണ്. സ്പെയിൻ ഒരു റിപ്പബ്ലിക്കൻ രാജ്യമായത് ഇഷ്ടപ്പെടാതെ അദ്ദേഹം നിരന്തരം ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമിച്ചിരുന്നു.ഹിറ്റ്ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകിയ ഫ്രോങ്കോ 1939ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷമാണ് പത്രങ്ങൾക്കും എഴുത്തുകാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത്തരം ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗാർഷ്യ എഴുതിയ ഈ നാടകത്തിന് ഒരു മറുപുറം അല്ലെങ്കിൽ കാണാപ്പുറമുണ്ടെന്ന് ഞാൻ കരുതുന്നു.
സാധാരണ മനുഷ്യരുടെ ഹൃദയത്തുടിപ്പുകളുമായി മനുഷ്യത്വം പൂർണ്ണമായും ഉൾക്കൊണ്ട യർമ്മ പ്രതിനിധീകരിക്കുന്നത് സന്പത്തിനേക്കാൾ മറ്റ് സുഖലോലുപതയെക്കാൾ മാനുഷിക മൂല്യത്തിന് പരിഗണന നൽകുന്ന ഒരു സമൂഹത്തെയാണ്. അതേസമയം യർമ്മയുടെ ഭർത്താവായ ജുവാനാകട്ടെ, തികഞ്ഞ സ്വാർത്ഥനും സ്വന്തം ഉൽപ്പാദനക്ഷമത വരെ മറ്റാർക്കും പങ്കു വയ്ക്കുവാൻ ആഗ്രഹിക്കാത്ത വ്യക്തിയുമാണ്. ജുവാൻ, സന്പത്തിന് വേണ്ടി നിരന്തരം ആഗ്രഹിക്കുന്നവനും ഒപ്പം സ്വന്തം ഭാര്യയെ വരെ ഒരു ‘മുതൽ’ മാത്രമായി പരിഗണിക്കുന്ന മുതലാളിയാകുവാൻ ശ്രമിക്കുന്ന മധ്യവർഗ്ഗ പ്രതിനിധിയാണ്. ഇവിടെ യർമ്മയും ജുവാനും തമ്മിലുള്ള വൈരുദ്ധ്യം തൊഴിലാളിയും മുതലാളിയും തമ്മിലുള്ള അന്തരം തന്നെയാണ്. മറ്റുള്ളവരെക്കാൾ ഉയരത്തിലിരിക്കുവാൻ സ്ഥിരം ആഗ്രഹിക്കുന്ന ജുവാൻ കണ്ണും നട്ട് രാപ്പകൽ ഇരിക്കുന്നത് തന്റെ സന്പത്ത് സംരക്ഷിക്കുവാനാണ്. ഇതിനിടയിൽ തന്റെ ഏറ്റവും അമൂല്യമായ സന്പത്തായ യർമ്മയുടെ യഥാർത്ഥ ആവശ്യം ഏതൊരു മുതലാളിയെ പോലെ ജുവാനും തിരിച്ചറിയുന്നില്ല. 
ഒരു ബൂർഷ്വാസിയുടെ മനസ് കടമെടുത്ത ജുവൻ യ‍‍‍‍ർമ്മയെ തന്റെ ഭാര്യ എന്ന തൊഴിലാളിയാക്കി മാറ്റിയപ്പോൾ യർമ്മയിൽ ഉണ്ടായ മാനസിക മാറ്റങ്ങൾ യർമ്മയെ ചില വിപ്ലവകരമായ ചില തീരുമാനങ്ങൾ എടുക്കുവാൻ പ്രേരിപ്പിക്കുകയാണ്. യർമ്മയുടെ പഴയ സുഹൃത്തായ വിക്ടറിൽ യർമ്മയ്ക്ക് സ്നേഹം തോന്നുകയും വിക്ടർ വിട്ട് പോകുന്പോൾ സങ്കടം വരികയും ചെയ്യുന്നു. തനിക്ക് സ്ഥിരം അന്നവും മറ്റ് വസ്തുക്കളും സൗകര്യങ്ങളും തരുന്നില്ലേ എന്ന് നിരന്തരം വാദിക്കുന്ന ജുവാനെ യർമ്മ കഴുത്ത് ഞെരിച്ച് കൊല്ലുന്പോൾ പറയുന്ന വാചകം ഇതാണ്. “ഞാൻ കൊന്നത് എന്റെ കുഞ്ഞിനെ തന്നെയാണ്. എന്റെ സ്വന്തം കുഞ്ഞിനെ!”
ഒരു മുതലാളിയെ അല്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയെ തകർക്കുന്ന തൊഴിലാളി നശിപ്പിക്കുന്നത് തനിക്ക് കിട്ടാവുന്ന തൊഴിലും അതുവഴി ലഭിക്കുന്ന സൗകര്യങ്ങളുമാണെന്ന ചിന്തയും ഇതിലുണ്ട്. എങ്കിലും സ്വാർത്ഥന്മാരുടെ മനുഷ്യരഹിതമായ പ്രവ‍ർത്തികൾക്കെതിരെ പ്രതികരിക്കാതെ വയ്യ എന്ന കമ്യൂണിസ്റ്റ് ചിന്തയും കവി മനസിൽ ഉണ്ടായിരിക്കും എന്ന് തോന്നുന്നു.
സമാജത്തിൽ ഈ നാടകം അവതരിപ്പിച്ച സംവിധായകൻ ഡോ സുനിൽ, സംഗീത സംവിധായകർ, അണിയറ ശിൽപ്പികൾ തുടങ്ങി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.സമാജത്തിന്റെ സ്ഥലപരിമിതി പരമാവധി നന്നായി ഉപയോഗിച്ച് തന്നെയാണ് സംവിധായകൻ േസ്റ്റജ് തിട്ടപ്പെടുത്തിയിരിക്കുന്നത്.യർമ്മയായി അഭിനയിച്ച വിജിന സന്തോഷ് അവരുടെ റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. േസ്റ്റജിന്റെ പിറകിലായി ഉപയോഗിച്ച ഡിജിറ്റൽ സ്ക്രീനും അതിലെ രൂപങ്ങളും കൂറെക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. വേദിക്ക് പുറത്തെ പ്രതീകങ്ങൾ ആയി അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രാധാന്യം ലൈറ്റുകളുടെ അഭാവത്താൽ ആസ്വാദ്യമായില്ല.
ഇടയ്്ക്കിടെ കൂട്ടത്തോട് കൂടി വരുന്ന കുട്ടികളുടെ വരവ്, പ്രത്യേകിച്ച് ഒരു സന്തോഷവും കാണികൾക്ക് നൽകുന്നില്ല. ചില സ്ഥലങ്ങളിൽ നടന്മാരുടെയും കുട്ടികളുടെയും കൂട്ടത്തോടെയുള്ള വരവ് അരോചകമായി തോന്നി. രണ്ടാം പകുതിയിൽ യർമ്മയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന നൃത്തരംഗം കുറേക്കൂടി നന്നാക്കാമായിരുന്നു. ആദ്യ രംഗത്തിൽ കുളക്കടവിൽ നടത്തിയ സ്ത്രീകളുടെ പരദൂഷണം നടന്മാർ വളരെ നന്നായി കൈകാര്യം ചെയ്യുകയും കാണികൾ അത് ആസ്വദിക്കുകയും ചെയ്തു.
വർഷങ്ങൾക്കു മുൻപ് അവതരിപ്പിക്കപ്പെട്ട നാടകമാണെങ്കിലും ഇപ്പോൾ ബഹ്റിനിലെ കലാകാരന്മാർ അവതരിപ്പിച്ച ഈ നാടകം കേരളത്തിലെ പ്രൊഫഷണൽ നാടക ഗ്രൂപ്പുമായി വെല്ലുവിളിക്കുവാൻ തരത്തിൽ തന്നെ വളർന്നിരിക്കുന്നു. നാടകത്തിൽ അഭിനയിച്ച ഒട്ടുമിക്ക നടന്മാരും എല്ലാവരും മനോഹരമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഒരു നല്ല നാടകം തഴക്കം വന്ന നാടക സംവിധായകന്റെ സാന്നിദ്ധ്യം നാടകത്തിന്റെ ആദ്യം മുതൽ അവസാനം വരെ കാണികൾക്ക് അനുഭവിച്ചറിയാൻ സാധിച്ചു എന്നതും നാടകത്തെ വേറിട്ടതാക്കിത്തീർത്തു.
ഇന്നലെ ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച യെർമ എന്ന നാടകത്തെപ്പറ്റി 4 pm ചെയർമാൻ ശ്രീ.പി.ഉണ്ണികൃഷ്ണൻ നൽകിയ വിവരണം.

Source: 4pm News (www.4pmnews.com)

Thursday, August 25, 2016

Samajam-Charity

On behalf of the Bahrain Keraleeya Samjam Hon: President, Mr. Radhakrishna Pillai has contributed INR 100000/- to Mrs.Uma Preman,founder of SANTHI MEDICAL INFORMATION CENTRE for her charitable works during a program which held on 25th August 2016 at BKS DJ Hall.

Wednesday, August 24, 2016

ലോര്‍കയുടെ ‘യെര്‍മ’ നാളെയും മറ്റന്നാളും അവതരിപ്പിക്കും

കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘ഡ്രമാറ്റിക്സ്-2016’ എന്ന നാടകശില്‍പശാല പൂര്‍ത്തിയായി. ഇതിന്‍െ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25,26 തിയതികളില്‍ പ്രശസ്ത സ്പാനിഷ് എഴുത്തുകാരന്‍ ഫെഡറികോ ഗാര്‍സ്യ ലോര്‍കയുടെ ‘യെര്‍മ’ എന്ന നാടകം അരങ്ങേറുമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ആക്ടിങ് ജന.സെക്രട്ടറി എം.കെ.സിറാജുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകനാടകരംഗത്തെ മാറ്റങ്ങള്‍ ബഹ്റൈന്‍ മലയാളികളുടെ നാടകാനുഭവങ്ങളുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. നാടക-സിനിമാ സംവിധായകനും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഡോ. എസ്.സുനില്‍ ആണ് ഒരു മാസക്കാലം നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നല്‍കിയത്. മലയാളത്തില്‍ പുതിയ കാലത്തിന്‍െറ ഭാവുകത്വവുമായി ചേര്‍ന്നുപോകുന്ന നാടകങ്ങള്‍ കുറവാണെന്ന് ഡോ.സുനില്‍ പറഞ്ഞു. മികച്ച രചനകളാകട്ടെ, മലയാളികള്‍ വേണ്ടപോലെ ഉള്‍ക്കൊള്ളുകയും ചെയ്തില്ല. പി.എം.താജിനെ ‘കുടുക്ക’ ഇതിന് ഉദാഹരണമാണ്. ശക്തമായ രചനകള്‍ ഇല്ലാത്തത് വീണ്ടും ക്ളാസിക്കുകള്‍ തേടിപ്പോകുന്നതിന് വഴിയൊരുക്കുന്നു. നാടക സാഹിത്യവും രംഗവേദിയിലെ പ്രയോഗവും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹത്തായ നാടക പാരമ്പര്യമുണ്ടായിരുന്ന നാടാണ് ഇന്ത്യ. ഇത് ഒരു ഘട്ടത്തില്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍, യൂറോപ്പ് ഓറിയന്‍റല്‍ വേദികളെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. നാടകത്തിന്‍െറയും സിനിമയുടെയും ദൃശ്യഭാഷ കേരളത്തില്‍ അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ആശയങ്ങള്‍ മാത്രം പറഞ്ഞ് നില്‍ക്കാവുന്ന കലാരൂപങ്ങളല്ല ഇവ രണ്ടും. കേരളീയ സമാജത്തിന്‍െറ എല്ലാ മേഖലയിലുമുള്ള പിന്തുണ മൂലമാണ് ‘യെര്‍മ’പോലൊരു നാടകം അവതരിപ്പിക്കാനായത്. ഈ നാടകം കേരളത്തില്‍, വരുന്ന ഫെസ്റ്റിവലില്‍ അവതരിപ്പിക്കാനാകുമോ എന്നും പരിഗണിക്കുന്നുണ്ടെന്ന് ഡോ.സുനില്‍ പറഞ്ഞു. നാടക രചനക്കായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്ന് പി.വി.രാധാകൃഷ്ണപിള്ളയും കൂട്ടിച്ചേര്‍ത്തു. ‘യെര്‍മ’ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി രംഗത്ത് അവതരിപ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് ക്യാമ്പ് മുന്നോട്ടു പോയത്. നാടകം പൂര്‍ണമായും മുഴുവന്‍ പേരുടേയും പങ്കാളിത്തത്തോടെ വികസിപ്പിക്കുകയാണ് ചെയ്തത്. അതുവഴി ശില്‍പശാല സാര്‍ഥകമായെന്ന് സമാജം കലാ വിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി അഭിപ്രായപ്പെട്ടു. ഏകാധിപത്യം ജീവനെടുത്ത ലോര്‍കയുടെ ഈ നാടകം പുരുഷാധിപത്യ വ്യവസ്ഥയില്‍ വരണ്ടുണങ്ങാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ്. കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയെന്ന ചെറു ആഗ്രഹം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീ അവസ്ഥയുടെയും അവക്കുമേല്‍ പടര്‍ന്നുകിടക്കുന്ന സദാചാര പരികല്‍പനകളെയും ലോര്‍ക പ്രശ്നവല്‍ക്കരിക്കുന്നു. ലോകത്തെ മഹത്തായ നാടകങ്ങളിലൊന്നായ ‘ യെര്‍മ’ 25, 26 തീയതികളില്‍ രാത്രി എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് അരങ്ങേറുക. ഹാളിന്‍െറ മധ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. പ്രവേശം സൗജന്യമാണ്. ബഹ്റൈനിലെ എല്ലാ നാടക പ്രേമികളെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിജു കൃഷ്ണന്‍, ശില്‍പശാല-പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍ നിര്‍മല ജോസഫ് എന്നിവരും പങ്കെടുത്തു.

Saturday, August 20, 2016

ഡോ.കെ.ടി.റബീഉള്ളക്ക് ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ പ്രവാസി മിത്ര പുരസ്കാരം

കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി മിത്ര പുരസ്കാരദാന ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തുന്നു.

ഭാരതം ലോകത്തെ പഠിപ്പിച്ചത് ബഹുസ്വരതയാണെന്നും ലോകത്തിനു മുന്നില്‍ തോല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ ഭാരതീയന് കരുത്തുനല്‍കുന്ന തത്വമാണ് അതെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. ഷിഫ അല്‍അജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.ടി.റബീഉള്ളക്ക് ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ പ്രവാസി മിത്ര പുരസ്കാരം നല്‍കിയ ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശസ്തനായ കവി അല്ലാമാ ഇഖ്ബാല്‍ നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍െറ ‘സാരേ ജഹാംസെ അഛാ’ എന്ന വരികളില്‍ ഇന്ത്യയുടെ മഹത്വം വിവരിക്കുന്നുണ്ട്. അറബ് ലോകത്തും ഭാരതത്തിന്‍െറ വൈവിധ്യം അംഗീകരിക്കപ്പെട്ടതാണ്. നമ്മുടെ ഭാഷയും വേഷവും മതങ്ങളുമെല്ലാം വ്യത്യസ്തതകളെ താലോലിക്കുന്നവയാണ്. മാനവികതയെ കൂട്ടിയിണക്കുന്ന കണ്ണിയാണ് ഭാഷ. ഭാഷകളിലൂടെ സ്നേഹത്തിന്‍െറ കൈമാറ്റവും സംഭവിക്കുന്നു. ഹിന്ദിയിലെ പല പദങ്ങളുടെയും മൂലപദം അറബിയാണ്. ലതാമങ്കേഷ്കര്‍ തന്‍െറ ഗാനങ്ങളിലെ അറബ് ശൈലിയുള്ള ഹിന്ദി ഉഛാരണങ്ങള്‍ എത്ര അനായാസമാണ് കൈകാര്യം ചെയ്യുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഈയിടെ അമിതാഭ്ബച്ചന്‍ തന്‍െറ ഒരു വിദേശിസുഹൃത്ത് ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അനുസ്മരിക്കുകയുണ്ടായി. താജ്മഹലും ലതാമങ്കേഷ്കറുമാണ് ഇന്ത്യയുടെ രണ്ട് സൗന്ദര്യങ്ങളായി ആ വിദേശി എടുത്തുകാട്ടിയത്. നാം ഭാരതീയരും കേരളീയരുമാവുക എന്നതാണ് പ്രസക്തം. നന്മയും ഐക്യവുമാണ് മലയാളികള്‍ ലോകത്തിന് നല്‍കിയ പാഠം. കാരുണ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാംസ്കാരിക പാരമ്പര്യവും നമുക്കുണ്ട്. അറബ് നാട് മലയാളികളുടെ അഭിവൃദ്ധിയുടെ കേന്ദ്രമാണ്. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുമായി വൈകാരികമായും ചരിത്രപരമായും ബന്ധമുണ്ട്. ഒരിക്കല്‍ പോലും പിണക്കത്തിന്‍െറയോ ശൈഥില്യത്തിന്‍െറയോ ലാഞ്ചന അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുണ്ടായിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വൈവിധ്യത്തിനിടയിലും ചിലര്‍ ജാതീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നുണ്ട്. സ്നേഹിക്കാനാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. പുഞ്ചിരിക്കുന്നത് നന്മയാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഒരാളെ കൊല ചെയ്താല്‍ സമൂഹത്തെ കൊലചെയ്തതിനു സമമാണെന്നും ഒരാള്‍ക്ക് ജീവിതത്തിന് അവസരമുണ്ടാക്കിയാല്‍ അത് സാമൂഹിക നന്മയാണെന്നും പഠിപ്പിച്ചത് വിശുദ്ധഖുര്‍ആനാണ്. ഹിന്ദുവിന്‍െറ പേരില്‍ വര്‍ഗീയ വാദിയാകുന്നവന് അവന്‍െറ മതത്തെക്കുറിച്ച് ഒന്നുമറിയില്ളെന്നുവേണം കരുതാന്‍. സ്നേഹത്തെ ജീവിതമാക്കിയ യേശുവിന്‍െറ വക്താക്കള്‍ക്കും വിദ്വേഷികളാകാനാകില്ല. മത ഗ്രന്ഥങ്ങളെയും മതങ്ങളെയും കുറിച്ച് പഠിച്ചവരെന്നല്ല, അതേക്കുറിച്ച് അല്‍പ്പമെങ്കിലും ജ്ഞാനമുള്ളവര്‍ക്ക് അവിവേകികളും ആക്രമണകാരികളുമാകാനാവില്ല. തീവ്രവാദത്തിന് മതമില്ളെന്ന യാഥാര്‍ഥ്യം നാം മനസിലാക്കണം. തീവ്രവാദികള്‍ മനുഷ്യരോട് മാത്രമല്ല ദൈവത്തോടും അനീതികാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുകയെന്ന സിദ്ധാന്തം പുതിയ കാലത്തിന്‍െറ സൃഷ്ടിയാണ്. സ്ത്രീകളോടു പോലും ഇത്തരത്തില്‍ പെരുമാറുന്നവര്‍ ധാരാളം. സാമൂഹിക തിന്മകള്‍ വര്‍ധിച്ചുവരുന്നു. ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്കു പ്രേരക ശക്തിയായി മാറുന്നു. കുറ്റകൃത്യങ്ങളെ മൃഗീയമെന്നു നാം വിശേഷിപ്പിക്കുന്നതു ശരിയല്ല. മൃഗങ്ങള്‍ ഒരിക്കലും ഇത്തരം അതിക്രമങ്ങള്‍ നടത്താറില്ല. -സമദാനി വിശദീകരിച്ചു. കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഇ.എം.അഷ്റഫ് ആശംസകള്‍ നേര്‍ന്നു. സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞു. ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫയാണ് അവാര്‍ഡ് നല്‍കിയത്. ഡോ.കെ.ടി.റബീഉള്ള പുരസ്കാരം സ്വീകരിച്ച് സംസാരിച്ചു. നൃത്തനൃത്യങ്ങളും ഗാനവിരുന്നും ചടങ്ങിന് മിഴിവേകി. ആദില്‍ അല്‍ അസൂമി എം.പിയും സംബന്ധിച്ചു.


മന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കൃഷിയും വികസനവും ചര്‍ച്ചയായി


കേരളീയ സമാജത്തില്‍ നടന്ന കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായുള്ള ഓണ്‍ലൈന്‍ അഭിമുഖത്തില്‍നിന്ന്

ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിലും തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതിയെക്കുറിച്ചും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ചര്‍ച്ചക്കിടെ, സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമനും അവിചാരിതമായി എത്തി. കൃഷിയെ രണ്ടാംതരം ജോലിയായി കാണുന്ന അവസ്ഥ മാറണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും പ്രധാന തൊഴിലുകളിലൊന്നാണ് കൃഷിയെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി ഒന്നര മണിക്കൂര്‍ നീണ്ടു. ഓണത്തിന് 1350 ഒൗട്ലെറ്റുകള്‍ വഴി വിലക്കുറവില്‍ വിഷരഹിത പച്ചക്കറി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറും കൃഷിവകുപ്പും നടപടിയെടുത്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് പരിപാടി തുടങ്ങിയത്. ആമുഖമായി മന്ത്രി സംസാരിച്ചതിന് ശേഷം പ്രവാസികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്പിള്ള അധ്യക്ഷപ്രസംഗം നടത്തി. തുടര്‍ന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, കണ്‍വീനര്‍ അഡ്വ.ജോയ് വെട്ടിയാടാന്‍, അജിത് തുടങ്ങിയവര്‍ സംസാരിച്ചു. ബിജു മലയില്‍, പി.ടി.നാരായണന്‍, സജീവന്‍, ജേക്കബ് മാത്യു, എബ്രഹാം സാമുവേല്‍, ജോസ് പീറ്റര്‍, ഗഫൂര്‍ മൂക്കുതല, ബിനു കുന്നന്താനം, കൃഷ്ണന്‍ ഇല്ലത്തുവളപ്പില്‍, സുനില്‍ തോമസ്, മോഹിനി തോമസ്, സുധീശ് രാഘവന്‍ തുടങ്ങിയവര്‍ പ്രസക്തമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. കൃഷി മന്ത്രിയുടെ ഓണ്‍ലൈന്‍ മുഖാമുഖത്തിനു സഹായിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, അഖില്‍ രൂപ അനില്‍ദേവ്, ബിജു ജയന്‍,അനീഷ്, രാജീവ്, മന്ത്രി തോമസ് ഐസകിന്‍െറ പേഴ്സണല്‍ സ്റ്റാഫ് സതീശന്‍ എന്നിവര്‍ക്കും സമാജത്തിലെ ഐ.ടി.കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ശ്രീജിത്ത്, അനില്‍ കുഴിക്കാല, ധര്‍മജന്‍, മുസ്തഫ എന്നിവര്‍ക്കും പ്രസംഗവേദി കണ്‍വീനര്‍ നന്ദി രേഖപ്പെടുത്തി. സമാജം ഗാര്‍ഡന്‍ ക്ളബില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും മുളപ്പിച്ച തൈകള്‍ സെപ്റ്റംബറില്‍ വിതരണം ചെയ്യും. ബാല്‍കണിയില്‍ കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.

Monday, August 15, 2016

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം വെള്ളിയാഴ്ച

കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം നടത്തും. ഇതോടനുബന്ധിച്ച് തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ച് തൃശൂര്‍ നിവാസികള്‍ക്കും മന്ത്രിയുമായി ഓണ്‍ലൈനില്‍ സംസാരിക്കാം. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും മറ്റു അസോസിയേഷന്‍ അംഗങ്ങള്‍ക്കും പങ്കെടുക്കാം. ഈ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ മന്ത്രിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. ചോദ്യങ്ങള്‍ മുന്‍കൂട്ടി സമാജത്തില്‍ ഏല്‍പ്പിക്കണം. അല്ളെങ്കില്‍ bkspvedi@gmail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ചോദ്യങ്ങളാണ് അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധി പുത്തന്‍വേലിക്കര (39168899) അഡ്വ.ജോയ് വെട്ടിയാടന്‍ (39175836) എന്നിവരെ വിളിക്കാവുന്നതാണ്. കേരളീയ സമാജം ഗാര്‍ഡന്‍ ക്ളബുമായി സഹകരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ടെറസ് കൃഷി ചെയ്യാനായി വിത്തുകളും നിര്‍ദേശങ്ങളും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് നന്ദകുമാറുമായി (39285406) ബന്ധപ്പെടാം.

Thursday, August 11, 2016

ചര്‍ച്ചയും സംവാദവും നിറഞ്ഞ് സമാജം നാടക ക്യാമ്പ്

കേരളീയ സമാജത്തില്‍ നടക്കുന്ന നാടകക്യാമ്പില്‍ നിന്ന്


കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ’യുടെ നേതൃത്വത്തില്‍ നടക്കുന്ന നാടക ക്യാമ്പില്‍ ആധുനിക തിയറ്റര്‍ സങ്കേതങ്ങളുടെയും രംഗാവതരണ രീതികളുടെയും പരിശീലനം പുരോഗമിക്കുന്നു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശില്‍പശാലക്ക് തൃശൂര്‍ ‘സ്കൂള്‍ ഓഫ് ഡ്രാമ’ അധ്യാപകനും സംവിധായകനുമായ ഡോ. സുനില്‍ ആണ് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും രാത്രി എട്ടുമണി മുതല്‍ പതിനൊന്നുവരെ നീളുന്ന ശില്‍പശാലയില്‍ 50ഓളം പേര്‍ പരിശീലനം നേടുന്നുണ്ട്. ബഹ്റൈനിലെ വിവിധ നാടകമത്സരങ്ങളിലും മറ്റും പരസ്പരം മത്സരിക്കുന്നവര്‍ ഒരുമിച്ച് ചര്‍ച്ച നടത്തുന്ന ദൃശ്യമാണ് ക്യാമ്പില്‍ കാണുന്നത്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തവര്‍, അഭിനേതാക്കള്‍, രചയിതാക്കള്‍, സാങ്കേതിക വിഗദ്ധര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ ക്യാമ്പിലുണ്ട്.ക്യാമ്പിന്‍െറ അവസാനത്തോടെ, ആഗസ്റ്റ് 25നും 26നും അവതരിപ്പിക്കുന്ന സ്പാനിഷ് എഴുത്തുകാരന്‍ ഫ്രെഡറികോ ഗാര്‍സ്യ ലോര്‍കയുടെ ‘യെര്‍മ’ എന്ന നാടകത്തിന്‍െറ പരിശീലനവും തകൃതിയായി നടക്കുന്നുണ്ട്. നാടകരംഗത്തെ പുതുഭാവുകത്വം ഇവിടുത്തെ നാടകപ്രേമികളിലേക്ക് പകരാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ സുനില്‍ പറഞ്ഞു. ക്യാമ്പംഗങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുള്ള പരിശീലനമാണ് നടത്തുന്നത്. ഓരോരുത്തരുടെയും ഉള്ളിലുള്ള നാടകബോധത്തെ പൂര്‍ണമായും ആവിഷ്കരിക്കുകയെന്ന ലക്ഷ്യവും ക്യാമ്പിന്‍െറ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോര്‍കയുടെ നാടകത്തിന്‍െറ സംഗീതം ഒരുക്കുന്നത് ഹരീഷ് മേനോന്‍ ആണ്. സംവിധാനം സുനില്‍ ആണ് നിര്‍വഹിക്കുന്നത്. സംവിധാനത്തിന്‍െറ സൂക്ഷ്മ തലങ്ങള്‍ അറിയാനായി, ജലീല്‍, അനില്‍ സോപാനം, വിഷ്ണു നാടകഗ്രാമം, അനില്‍ വെങ്കോട് എന്നിവരും സുനിലിനൊപ്പമുണ്ട്. നാടകം വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അവതരണരീതി, രംഗബോധം തുടങ്ങിയവ സമൂഹവുമായി ബന്ധപ്പെടുത്താനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. ക്യാമ്പ് തുറക്കുന്ന പുതിയ വഴികളിലൂടെ ഇവിടുത്തെ ഓരോ നാടകപ്രവര്‍ത്തകര്‍ക്കും അരങ്ങില്‍ തിളങ്ങാനാകുമെന്ന് പഠിതാക്കള്‍ വിലയിരുത്തുന്നു. ‘യര്‍മ’ എന്ന നാടകത്തിന്‍െറ കഥയും കഥാസന്ദര്‍ഭങ്ങളും പ്രമേയപരമായ പരാമര്‍ശങ്ങളും സംബന്ധിച്ച ചര്‍ച്ചകളും സെമിനാറുകളും കഴിഞ്ഞ ദിവസം നടന്നു. ഓരോ ദിവസങ്ങളിലും കഥാപാത്രങ്ങളുടെ നിര്‍ണയവും സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള ക്ളാസുകളും നടന്നുവരുന്നുണ്ട്. നാടകത്തിന്‍െറ പരിഭാഷയും ഡോ. സുനിലാണ് നിര്‍വഹിച്ചത്. ജീവിതത്തിലെ പ്രശ്നങ്ങളും വിശ്വാസങ്ങളും സന്മാര്‍ഗികതകളും തലമുറകളിലൂടെ കൈമാറിവന്ന മൂല്യസംഹിതകളാണെന്ന് വിശ്വസിച്ച ഒരു ജനതക്ക് മുമ്പില്‍ യര്‍മ മാത്രം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. യര്‍മ ഒരു മനുഷ്യസ്ത്രീ മാത്രമായിരുന്നില്ല. മറിച്ച് പ്രകൃതിയായിരുന്നു. സൃഷ്ടിയും അതിജീവനവും മരണവും ഉള്‍ച്ചേര്‍ന്ന പോരാട്ടത്തിന്‍െറ കഥകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’ കണ്‍വീനര്‍ വിജുകൃഷ്ണന്‍, ദിനേശ് കുറ്റിയില്‍, വിഷ്ണു, നിമ്മി ജോസഫ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളുമാണ് നാടകക്യാമ്പിന്‍െറ മേല്‍നോട്ടം വഹിക്കുന്നത്.

Monday, August 1, 2016

ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം -ബാലസാഹിത്യ വേദി അക്ഷര മുറ്റം ആഗസ്ററ് 6 ന്

ബഹറിൻ കേരളീയ സമാജം സാഹിത്യ വിഭാഗം മലയാളം പാഠ ശാ ലയും ബാലസാഹിത്യ വേദിയും ചേർന്നു നടത്തുന്ന അക്ഷരമുറ്റം ആഗസ്ററ് 6 രാത്രി 8 മണിക്ക് സമാജം എം.എം. രാമചന്ദ്രൻ ഹാളിൽ വച്ച് നടത്തുന്നു . അധ്യാപകനും, ചിത്രകാരനുമായ ചിക്കൂസ് ശിവൻ മുഖ്യ അതിഥി ആയിരിക്കും, കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളും , അതോടൊപ്പം വ്യക്തിത്വവികസന ക്ലാസ്സുകളും , ഭാഷാ സാഹിത്യ അനുബന്ധ വിഷയങ്ങളും കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഭാഷ സാഹിത്യ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ബാലസാഹിത്യ വേദി രൂപപ്പെടുത്തിയിരിക്കുന്നത് .അക്ഷരമുറ്റം എന്ന പേരില് മാസത്തിൽ രണ്ട് ദിവസം ഒത്തുക്കുടുന്നു .കവിതാലാപനം , കഥപറച്ചിൽ, വായന, പുസ്തകപരിചയം, പ്ര ശ് നോത്തരി , പ്രസംഗം , തുടങ്ങിയവ അക്ഷര മുറ്റ ത്തിൽ ഉണ്ടാകും എന്ന് സമാജം പ്രസിഡണ്ട്‌ ശ്രീ . പി വി രാധാകൃഷണ പിള്ള , ജെനറൽ സെക്രട്ടറി . ശ്രീ എന്‍ കെ .വീരമണി സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന് വേലിക്കര എന്നിവര്‍ അറിയിച്ചു . ആറ് വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ബാലസാഹിത്യ വേദിപ്രവേശനം അനുവദിക്കുന്നത് . സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അജിത്‌ അനന്തപുരി ( 36165357 ) സുധി പുത്തന് വേലിക്കര( 39168899 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക