Pages

Sunday, June 26, 2016

നാടകപ്രേമികളെ പിടിച്ചിരുത്തി ‘ഊരുഭംഗം’


കേരളീയ സമാജത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഊരുഭംഗം’ നാടകത്തില്‍ നിന്ന്

കേരളീയ സമാജത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഊരുഭംഗം’ നാടകം നാടകപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. മങ്ങിയ വെളിച്ചവും കളമെഴുത്തും രംഗപടത്തിന്‍െറ വൈവിധ്യവും നവീനമായ കാഴ്ചയൊരുക്കി. കാണികള്‍ക്കിടയിലാണ് നാടകം നടന്നത്. ഭാസന്‍െറ യഥാര്‍ഥ സൃഷ്ടിയില്‍ നിന്നും പലഭാഗങ്ങളും മാറ്റിയാണ് അവതരിപ്പിച്ചത്. വിഷ്ണുനാടക ഗ്രാമമാണ് സംവിധാനം ചെയ്തത്. ദുരോധനനായി വേഷമിട്ട ശിവകുമാര്‍ കൊല്ലറോത്ത്, ഭീമനായി അഭിനയിച്ച അനീഷ് റോണ്‍, സജിത അനീഷ്, അനീഷ് ഗൗരി തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവെച്ചു. വിഷ്ണു, ദിനേശ് മാവൂര്‍,വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോന്‍,മനു,ഉണ്ണികൃഷ്ണന്‍, ദീപു ആറ്റിങ്ങല്‍,ശ്രീരാഗ് എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. സമാജം ഡ്രാമ സ്കൂളിന്‍െറ നേതൃത്വത്തിലായിരുന്നു അവതരണം.

Thursday, June 23, 2016

സമാജം ബാലകലോത്സവം: ഗ്രാന്‍റ് ഫിനാലെ നാളെ

കഴിഞ്ഞ ഒന്നരമാസമായി കേരളീയ സമാജത്തില്‍ നടന്നുവരുന്ന ബാലകലോത്സവം ഈ മാസം 24ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്‍റ് രാധാകൃഷ്ണപിള്ള, ജനറല്‍സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ബാലകലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും പങ്കെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്.കേരള സ്കൂള്‍ യുവജനോത്സവ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ ഡി.സലിം പറഞ്ഞു.  ഇത്തവണ അഞ്ചു ഗ്രൂപ്പുകളിലായി 250ഓളം മത്സരങ്ങളാണ് നടന്നത്. ഈ വര്‍ഷവും കലാപ്രതിഭ-കലാതിലകം,(3,4,5 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം) ,ബാലതിലകം(1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), ബാലപ്രതിഭ (1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍), സാഹിത്യരത്ന ,സംഗീത രത്ന,നാട്യരത്ന, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ എന്നിങ്ങനെയാണ് അവാര്‍ഡ് നല്‍കുക. 
പ്രശസ്ത നര്‍ത്തകിമാരായ ഡോ.ദീപ്തി ഓംചേരി ഭല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് നൃത്ത ഇനങ്ങള്‍ വിലയിരുത്തിയത്.  
ഫിനാലെയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39125889 എന്ന നമ്പറില്‍  വിളിക്കാവുന്നതാണ്

"ഊരുഭംഗം"

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടകാവതരണത്തിന്റെ ഭാഗമായി ജൂൺ 25 ശനിയാഴ്ച രാത്രി 8 മണിക്ക് ഭാസമഹാകവിയുടെ "ഊരുഭംഗം" എന്ന നാടകം അവതരിപ്പിക്കുന്നു. അരീനാ തിയേറ്റർ സമ്പ്രദായത്തിൽ അവതരിപ്പിക്കുന്ന ഈ നാടകത്തിലൂടെ , വ്യത്യസ്തമായ ഒരു ദൃശ്യസാദ്ധ്യതയാണ് സംവിധായകൻ വിഷ്ണു നാടകഗ്രാമം ലക്ഷ്യമിടുന്നത്. സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ഈ വർഷത്തെ ആദ്യ നാടകമാണ് 'ഊരുഭംഗം'. സ്‌കൂൾ ഓഫ് ഡ്രാമയുടെ മുൻകാല പ്രവർത്തനങ്ങളിൽ ആവേശമായി, പ്രോത്സാഹനമായി വർത്തിച്ചിട്ടുള്ള താങ്കളുടെ മഹനീയ സാന്നിദ്ധ്യം ഈ സംരംഭത്തിലും പ്രതീക്ഷിക്കുന്നു. തീർച്ചയായും എത്തിച്ചേരുക.

Saturday, June 11, 2016

കേരളീയ സമാജം വനിതാവേദി പ്രവര്‍ത്തനങ്ങള്‍ സീമ ഉദ്ഘാടനം ചെയ്തു


കേരളീയ സമാജം വനിതാവേദി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടി സീമ ഉദ്ഘാടനം ചെയ്യുന്നു.

ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. പ്രശസ്ത നടി സീമ ഉദ്ഘാടനം നിര്‍വഹിച്ചു. ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, കാനറ ബാങ്ക് ബഹ്റൈന്‍ സി.ഇ.ഒ ഗീതിക ശര്‍മ, വനിതാവേദി പ്രസിഡന്‍റ് മോഹിനി തോമസ്, സെക്രട്ടറി ബിജി ശിവ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വനിതാവേദി ഭാരവാഹിത്വവും പ്രവര്‍ത്തനവും വിപുലീകരിച്ചതായി പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. ബഹ്റൈനില്‍ മലയാളികളുടെ കൂട്ടായ്മ സജീവമായി നിലനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സീമ പറഞ്ഞു. സാധാരണ വിദേശങ്ങളില്‍ പോകുമ്പോള്‍ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും മറ്റുമാണ് പരിപാടികള്‍ നടത്തുക. മലയാളികള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ വിദേശത്തും ഇത്തരം പരിപാടികള്‍ നടത്താന്‍ സാധിക്കുന്നു എന്നത് അഭിമാനകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടി ഇഷ തല്‍വാറും സംഘവും അവതരിപ്പിച്ച നൃത്തം അരങ്ങേറി. ജോസ്മി ലാലു, ബീന ആഷ്ലി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വനിതാവിഭാഗം അംഗങ്ങള്‍ സംഘഗാനവും നൃത്തവും അവതരിപ്പിച്ചു. ഇന്നലെ സീമയുമായി മുഖാമുഖവും നടന്നു. സാഹിത്യവിഭാഗം തയാറാക്കിയ ‘ജാലകം’ മാസികയുടെ ആദ്യപതിപ്പ് പി.വി.രാധാകൃഷ്ണപിള്ള സീമക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രീതി നമ്പ്യാര്‍ ആണ് എഡിറ്റര്‍. ധര്‍മരാജ്, അജിത് മാത്തൂര്‍, ഡി.സലീം, പ്രസാദ് ചന്ദ്രന്‍, അനീഷ് റോണ്‍, ജയകൃഷ്ണന്‍, രാജഗോപാല്‍, ധര്‍മരാജ്, ജഗദീഷ് ശിവന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കരയാണ് ഏകോപനം നിര്‍വഹിച്ചത്.

Wednesday, June 8, 2016

നൃത്തവും സംഗീതവുമായി കുട്ടികള്‍ സമാജത്തില്‍ ഒത്തുകൂടി

കേരളീയ സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനുമായി കലാവിഭാഗത്തിനു കീഴില്‍ ‘ആടാം പാടാം’ എന്ന പരിപാടി നടത്തി. 30ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളോടെ കഴിഞ്ഞ മാസമാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. എം.എം.രാമചന്ദ്രന്‍ ഹാളിലാണ് കഴിഞ്ഞ ദിവസത്തെ പരിപാടി അരങ്ങേറിയത്. സിനിമാഗാനങ്ങള്‍,നൃത്തം, മോണോ ആക്ട്, മിമിക്രി, സ്കിറ്റ് , നാടന്‍പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ജൂണ്‍ മാസത്തില്‍ ജനിച്ച കുട്ടികളുടെ ജന്‍മദിനാഘോഷവും നടന്നു. കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ എം.എന്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.